
ഗ്രാമ്പൂ അടർത്തിയെടുക്കാൻ പുത്തൻ യന്ത്രം; പുരസ്‌കാരത്തിളക്കത്തിൽ ഷൈൻ
- സമയവും പണവും പാഴാക്കാതെ എളുപ്പത്തിൽ, ചെലവു കുറച്ചു ഗ്രാമ്പൂ അടർത്തിയെടുക്കാൻ പുതിയ യന്ത്രം തയ്യാറാക്കിയിരി ക്കുകയാണ് കാവിലുംപാറ വട്ടിപ്പന ഇല്ലിക്കൽ ഷൈൻ ജോസഫ്.
കുറ്റ്യാടി: വിളവെടുപ്പിനുശേഷം ഗ്രാമ്പു കൈകൊണ്ട് അടർത്തിയെടുക്കാനാണ് ആളുകൾ കഷ്ടപ്പെടുക. എന്നാൽ സമയവും പണവും പാഴാക്കാതെ എളുപ്പത്തിൽ, ചെലവു കുറച്ചു ഗ്രാമ്പൂ അടർത്തിയെടുക്കാൻ പുതിയ യന്ത്രം തയ്യാറാക്കിയിരി ക്കുകയാണ് കാവിലുംപാറ വട്ടിപ്പന ഇല്ലിക്കൽ ഷൈൻ ജോസഫ്. ഇല്ലിക്കൽ ജോസഫിൻ്റെയും തങ്കത്തിൻ്റെയും മകനാണ് ഷൈൻ. അനിഷയാണ് ഭാര്യ. ഓസ്റ്റിൻ, ആരോൺ, റ്റിയ, മരിയ, ഫ്ലറിൻ എന്നിവരടങ്ങുന്നതാണ് കുടുംബം.
ഒരു കിലോ ഗ്രാമ്പു കൈകൾകൊണ്ട് അടർത്തിയെടുക്കാൻ സാധാരണ 50-രൂപ ചെലവുവരും. അതിലേറെ സമയവും കൂടുതൽ വേണം. ഷൈൻ ജോസഫ് ഉണ്ടാക്കിയെടുത്ത ഈ യന്ത്രം ഉപയോഗിച്ച് മണിക്കൂറിൽ 200- കിലോ പൂക്കൾ അടർത്തിയെടുക്കാൻ സഹായിക്കും. ഇതിന്റെ ചെലവ് എന്നത് ഒരു കിലോയ്ക്ക് വെറും അഞ്ചുരൂപ!
കർഷകരെ സഹായിക്കുന്ന തരത്തിലുള്ള ഈ കണ്ടുപിടിത്തതിന് ദേശീയ ഇന്നൊവേഷൻ കൗൺസിലിന്റെ പുരസ്ക്കാരവും ഷൈനിനെ തേടിയെത്തി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങിൽനിന്ന് ഷൈൻ പുരസ്ക്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ മികച്ച കാർഷിക കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.
ഉപകരണം കൂടുതൽ വികസിപ്പിക്കുന്നതിന് നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ സാങ്കേതിക സഹായവും ഷൈനിനു ലഭിക്കുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ യന്ത്രം നിർമിച്ച് കർഷകരിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഷൈൻ. നേരത്തേ കുരുമുളക് സംസ്കരിച്ച് വൈറ്റ് പെപ്പർ പൊടിയാക്കുന്നതിനായി ഒരു യന്ത്രം ഇദ്ദേഹം കണ്ടുപിടിച്ചിരുന്നു. ഇതിന് ശേഷമാണ് ഗ്രാമ്പൂ കർഷകർക്കായി ഉപകാരപ്രദമാകുന്ന മറ്റൊരു യന്ത്രം നിർമ്മിച്ചത്.
ഷൈനിന് കുടംബസ്വത്തായി ലഭിച്ച സ്ഥലത്ത് അഞ്ഞൂറോളം ഗ്രാമ്പു മരങ്ങളുണ്ട്. ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ഇദ്ദേഹത്തിന്റെ ഗ്രാമ്പൂ തോട്ടത്തെ ഗവേഷണ കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഗ്രാമ്പൂ, കുരുമുളക്, ജാതി, മാങ്കോസ്റ്റിൻ, കറിവേപ്പ്, കാന്താരി, മാവ് എന്നിവയുടെ നഴ്സറിയും ഇദ്ദേഹത്തിനുണ്ട്. വ്യവസായികാടിസ്ഥാനത്തിൽ യന്ത്രം നിർമിച്ചാൽ 50,000 രൂപയ്ക്ക് യന്ത്രം കർഷകർക്ക് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.
CATEGORIES News