
ചക്കിട്ടപ്പാറ ചകിരിനാര് നിർമ്മാണ യൂണിറ്റ് അടച്ചു പൂട്ടി
- മെഷീനുകൾക്ക് ഉണ്ടായ കേടുപാട്, ചകിരിനാര് വിലത്തകർച്ച എന്നിവ സ്ഥാപനത്തിന്റെ തകർച്ചക്ക് കാരണമായി.
ചക്കിട്ടപ്പാറ: കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന പേരാമ്പ്ര ചക്കിട്ടപ്പാറ ചകിരിനാര് നിർമ്മാണ യൂണിറ്റ് അടച്ചുപൂട്ടി. ഈ യൂണിറ്റ് ഒരു വർഷത്തോളം മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളത്. 2018 -ലായിരുന്നു ഉദ്ഘാടനം. ടി.എം. തോമസ് ഐസക് ആയിരുന്നു ഉദ്ഘാടകൻ. നാല് വർഷമായി പൂട്ടിക്കിടക്കുന്ന ഈ സ്ഥാപനം തുടങ്ങിയത് വനിതകൾക്ക് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും കയർ വ്യവസായ പുരോഗതിക്കും വേണ്ടിയായിരുന്നു.
മെഷീനുകൾക്ക് ഉണ്ടായ കേടുപാട്, ചകിരിനാര് വിലത്തകർച്ച എന്നിവ സ്ഥാപനത്തിന്റെ തകർച്ചക്ക് കാരണമായി. കയർഫെഡ് ശേഖരണം കുറച്ചതും മറ്റൊരു കാരണമായി. അതു പോലെതന്നെ ഈ സ്ഥാപനത്തിലെ വിവിധ മെഷീനുകൾ ഉപയോഗിക്കാത്തതിനാൽ തകരാറു സംഭവിച്ചു. 13 – തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥാപനമായിരുന്നു ഇത്. സ്ഥാപനത്തിന്റെ വൈദ്യുതി കണക്ഷൻ ഒഴിവാക്കുകയും ചെയ്തു. കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിയുടെ താൽപര്യക്കുറവാണു സ്ഥാപനം അടച്ചുപൂട്ടാൻ കാരണമെന്ന് ആരോപണം ഉയർന്നുണ്ട്.
കമ്പനിയുടെ ചക്കിട്ടപ്പാറയിലെ നീര, വെളിച്ചെണ്ണ ഉൽപാദന യൂണിറ്റുകളും പൂട്ടിയ നിലയിലാണ്. പഞ്ചായത്തിൽ 11-ാം വാർഡിലെ പള്ളുരുത്തി താഴെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ യൂണിറ്റ് പ്രവർത്തിച്ചിരുന്നത് സ്വകാര്യ ഭൂമിയിൽ 60- സെന്റ് സ്ഥലത്താണ്. 15000 – രൂപയാണ് മാസ വാടക.18 -തെങ്ങുകളും മറ്റു കാർഷികാദായവും വെട്ടിമാറ്റിയിട്ടാണ് സ്ഥലം ഉടമയായ ജോസഫ് പള്ളുരുത്തി സ്ഥാപനത്തിന് സൗകര്യം ഒരുക്കിയത്. ഇനി ഈ ഷെഡ് പൊളിച്ചു നിക്കാനാണ് ഭൂവുടമയുടെ തീരുമാനം. കാരണം കഴിഞ്ഞ നാലുവർഷമായി വാടക ഇനത്തിൽ 7.20 ലക്ഷം രൂപയോളം കുടിശ്ശികയുണ്ട്.