
ചട്ടലംഘനം ; പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു
- തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന് നാലുദി വസങ്ങൾക്കുള്ളിൽ ജില്ലയിൽ നീക്കം ചെയ്തത് 8106 പോസ്റ്ററുകളും ബാനറുകളും.
- സി-വിജിൽ ആപ്പ് വഴി ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ 862 കേസുകളും ഉൾപ്പെടുന്നു
കോഴിക്കോട് :കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 7715 പോസ്റ്ററുകളിലും ബാനറുകളിലും 7694 എണ്ണവും ഫ്ലയിങ് സ്ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും ചേർന്ന് നീക്കം ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്ന് നാലു ദിവസങ്ങൾക്കുള്ളിൽ ജില്ലയിൽ ചട്ടലംഘനത്തിന്റെ ഭാഗമായി നീക്കം ചെയ്തത് 8106 പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളുമാണ്. ഇവയിൽ സി-വിജിൽ ആപ്പ് വഴി ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ 862 കേസുകളും ഉൾപ്പെടുന്നുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള 419 സ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ചവയിൽ 412-ഉം നീക്കം ചെയ്തു കഴിഞ്ഞു.
സി-വിജിൽ ആപ്പുവഴി പരാതി നൽകുമ്പോൾ 100 മിനിറ്റിനുള്ളിൽ നടപടി എടുക്കുമെന്നത് ശ്രദ്ധേയമാണ്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടലംഘനം ഉൾപ്പെടെ പരാതികളും ക്രമക്കേടുകളും പൊതുജനങ്ങൾക്ക് സി-വിജിൽ (CVIGIL) ആപ്പ് വഴി അറിയിക്കാം. പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ നടപടി സ്വീകരിച്ച് മറുപടി ലഭിക്കും. ക്യാമറയും ഇന്റർനെറ്റ് കണക്‌ഷനും ജിപിഎസ് സൗകര്യവുമുള്ള ഏത് സ്മാർട്ട് ഫോണിലും സി-വിജിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. ആപ്പ് വഴി ചിത്രമോ വീഡിയോയോ എടുത്ത് പരാതി അയക്കാം.
ആപ്പ് ഉപയോഗിച്ച് എടുക്കുന്ന ലൈവ് ഫോട്ടോ, വീഡിയോ മാത്രമേ അയക്കാൻ കഴിയൂ. ഏതു സ്ഥലത്തു നിന്നാണ് ചിത്രമെടുക്കുന്നതെന്ന് ആപ്പ് തിരിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നതാണ്. പരാതിക്കാരനെ തിരിച്ചറിയാതെയും പരാതി നൽകാനാകും. എന്നാൽ, ഇങ്ങനെ നൽകുമ്പോൾ പരാതിയുടെ തുടർവിവരങ്ങൾ ആപ്പ് വഴി അറിയാൻ സാധ്യമല്ല. സി-വിജിലിൽ ഫോട്ടോ, വീഡിയോ എടുത്തശേഷം അപ്‌പ്ലോഡ് ചെയ്യാൻ അഞ്ചുമിനിറ്റ് മാത്രമേ ലഭിക്കൂ. നേരത്തേ റെക്കോഡ് ചെയ്ത ഫോട്ടോ, വീഡിയോ ആപ്പിൽ അപ്ലോഡ് ചെയ്യാൻ കഴിയില്ല.