
ചത്ത കോഴി വിൽപന;ചിക്കൻ സ്‌റ്റാളിൻ്റെ ലൈസൻസ് ഇന്നു റദ്ദാക്കും
- 33 കിലോഗ്രാം ചത്തകോഴിയെയാണ് ഇന്നലെ പരിശോധനയിൽ കടയിൽ നിന്നു കണ്ടെത്തിയത്
തലക്കുളത്തൂർ: ചത്ത കോഴിയെ വിൽപന നടത്തിയ അണ്ടിക്കോട് സിപിആർ ചിക്കൻ സ്‌റ്റാളിൻ്റെ ലൈസൻസ് ഇന്നു റദ്ദാക്കും.
33 കിലോഗ്രാം ചത്തകോഴിയെയാണ് ഇന്നലെ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിൽ കടയിൽ നിന്നു കണ്ടെത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് ഇവിടെ നിന്നു കോഴി വാങ്ങിപ്പോയവർ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു തിരികെ കോഴിയുമായി കടയിൽ എത്തി. വിവരമറിഞ്ഞു നാട്ടുകാരും എത്തി, അപ്പോൾ കടയിൽ നിന്നു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു.
എലത്തൂർ പൊലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗവും സ്‌ഥലത്തെത്തി കട പൂട്ടിച്ചു.
ഈ കടയിൽ അതിഥിത്തൊഴിലാളികളാണു ജോലി ചെയ്യുന്നത്. അവർ മാത്രമാണു പലപ്പോഴും ഉണ്ടാകുക. നടത്തിപ്പുകാരൻ പുതിയങ്ങാടി സ്വദേശി സി.പി.ആർ.റഷീദ് ഇന്നലെയും വന്നിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.കെ.ഷജിനി, കെ. നിഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.രാജേഷ് കുമാർ, ടൂരാ ജേഷ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അനീസ് റഹ്മാൻ എന്നിവരുടെ നേത്യത്വത്തിലാണു പരിശോധന നടത്തിയത്.