
ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ അമരത്തെത്തി യുഡിഎഫ് പ്രതിനിധികൾ
- എൽഡിഎഫ് സ്ഥാനാർഥികൾ 13 വോട്ടുനേടിയപ്പോൾ ഇരുവരും 15 വോട്ടുവീതം നേടി വിജയമുറപ്പിച്ചു.
കോഴിക്കോട് : ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ അമരത്തെത്തി യുഡിഎഫ് പ്രതിനിധികൾ. കോടഞ്ചേരി ഡിവിഷനിൽനിന്നുള്ള കോൺഗ്രസ് അംഗം മില്ലി മോഹൻ കൊട്ടാരത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റായും നാദാപുരം ഡിവിഷനിൽനിന്നുള്ള മുസ്‌ലിംലീഗ് അംഗം കെ.കെ. നവാസ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥികൾ 13 വോട്ടുനേടിയപ്പോൾ ഇരുവരും 15 വോട്ടുവീതം നേടി വിജയമുറപ്പിച്ചു.

പന്തീരാങ്കാവ് ഡിവിഷനിൽനിന്നുള്ള സിപിഎം അംഗം പി. ശാരുതിയായിരുന്നു എൽഡിഎഫിൻ്റെ പ്രസിഡൻ്റ് സ്ഥാനാർഥി. കടലുണ്ടി ഡിവിഷനിലെ സിപിഐ അംഗം അഞ്ജിതാ ഷനൂപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു. ജില്ലാപഞ്ചായത്ത് മീറ്റിങ് ഹാളിൽനടന്ന തിരഞ്ഞെടുപ്പ്, വരണാധികാരികൂടിയായ കളക്‌ടർ സ്നേഹിൽകുമാർ സിങ് നിയന്ത്രിച്ചു. ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ അംഗങ്ങളും വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ ഓരോമുന്നണിയും അവരുടെ പ്രതിനിധികളുടെ വോട്ടുറപ്പിച്ചു.
കാരശ്ശേരി ഡിവിഷനിലെ മുസ്‌ലിംലീഗ് അംഗം മിസ്ഹബ് കീഴരിയൂരാണ് മില്ലി മോഹനെ നാമനിർദേശംചെയ്‌തത്. പയ്യോളി അങ്ങാടി ഡിവിഷനിലെ കോൺഗ്രസ് അംഗം പി.സി. ഷീബ പിൻതാങ്ങി. 10.30-ഓടെ തുടങ്ങിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് 11.15-ന് സമാപിച്ചു.ഫലപ്രഖ്യാപനശേഷം പ്രസിഡൻ്റ് മില്ലി മോഹൻ കൊട്ടാരത്തിൽ വരണാധികാരിക്കു മുൻപാകെ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞചെയ്തു.
