
ചൂട് കൂടുന്നു; പഴവിപണിയിൽ വിലയും
- കിവി, ഗ്രീൻ ആപ്പിൾ എന്നിവക്ക് എല്ലാ സമയത്തും ആവശ്യക്കാരുണ്ടെന്നാണ് മൊത്ത വ്യാപാരികളും ചില്ലറവ്യാപാരികളും പറയുന്നത്.

കോഴിക്കോട് : വേനൽ ചൂട് കൂടിവരുകയാണ്. വേനൽ കാലമായതുകൊണ്ട് തന്നെ ജ്യൂസ് കുടിക്കുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഇതിനാൽ പഴവിപണിയിലെ വിലവിവരപ്പട്ടികയിലും ചൂട് കൂടും . വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത് കുരുവില്ലാത്ത കറാച്ചി മുന്തിരിക്കാണ്. അതുകൊണ്ടു തന്നെ ഇത് കിലോയ്ക്ക് 100-120 റേഞ്ചിലാണ് വില. കറാച്ചി മുന്തിരിയിൽ തന്നെ മുന്തിയ ഇനം ‘ശരദിനും’ ആവശ്യക്കാർ കൂടുതലാണ്. കിലോക്ക് 30- മുതൽ 35 രൂപ വരെയുള്ള പഞ്ചാബി ഓറഞ്ചാണ് മാർക്കറ്റിൽ കൂടുതലായി വിറ്റുപോകുന്നത്. നാഗ്പുരിൽ ഓറഞ്ച് കൃഷി വിളവെടുപ്പ് സീസൺ തുടങ്ങുകയാണ്.
ജ്യൂസുകൾക്ക് ഉപയോഗിക്കുന്ന പഴ വർഗ്ഗങ്ങൾക്കെല്ലാം വില കൂടി കൊണ്ടിരിക്കുകയാണെന്ന് കച്ചവടക്കാർ പറയുന്നു. കിവിക്കാണ് നിലവിൽ മാർക്കറ്റിൽ കൂടുതൽ വിലയുള്ളത്. കിവി, ഗ്രീൻ ആപ്പിൾ എന്നിവക്ക് എല്ലാ സമയത്തും ആവശ്യക്കാരുണ്ടെന്നാണ് മൊത്ത വ്യാപാരികളും ചില്ലറവ്യാപാരികളും പറയുന്നത്. തണ്ണിമത്തനും മാർക്കറ്റിൽ നല്ല നിലയിൽ വിൽക്കപ്പെടുന്നു. മാമ്പഴക്കാലം തുടങ്ങിയിട്ടില്ല. എട്ടെണ്ണമുള്ള ചെറിയ പെട്ടികളിലാണ് സ്ട്രോബെറി എത്തുന്നത്. ഇതിന്റെ വില 340- രൂപയാണ്.