
ചെറുക്കാട് പുലിയെ കണ്ടതായി അഭ്യൂഹം
- നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി
കായണ്ണബസാർ :ചെറുക്കാട് കായണ്ണയിൽ പുലിയെ കണ്ടതായി അഭ്യൂഹം. ലോറി ഡ്രൈവറായ ചോലക്കൽ രബീഷാണ് പുലിയെ കണ്ടത്. ബുധനാഴ്ച രാത്രി 11.30-ഓടെയാണ് ചെറുക്കാട് വെച്ച് പുലി റോഡ് മുറിച്ചു കടക്കുന്നത് രബീഷ് കണ്ടിരുന്നു. അതേ സമയം തന്നെ സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും പുലിയിറങ്ങിയതായി വാർത്ത പരക്കുകയും ചെയ്തു.

വാർത്തയോടൊപ്പം തന്നെ ഭീതിയും പടർന്നതിനാൽ ആളുകൾ പരിഭ്രാന്തരായി. മരപ്പറ്റ ദിവാകരന്റെ തൊഴുത്തിനടുത്ത് അജ്ഞാത ജീവിയുടെ കാൽപ്പാടുകൾ പതിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് വാർഡംഗം ജയപ്രകാശ് കായണ്ണ വിവരമറിയിച്ചതിനെ ത്തുടർന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസർ ബൈജുനാഥിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കാൽപ്പാടുകൾ പരിശോധിച്ചു. അത് പുലിയുടേതല്ലെന്ന് സ്ഥിതീകരിക്കുകയായിരുന്നു.
ജാഗ്രതപാലിക്കണമെന്ന് വാർഡംഗം പ്രദേശവാസികൾക്ക് മുന്നറിയിപ്പു നൽകി. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ വിവരമറിയിച്ചാൽ ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്നും ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും സ്ഥലം സന്ദർശിച്ചു.