
ചേലക്കരയിൽ എൻ.കെ.സുധീർ സ്വതന്ത്ര സ്ഥാനാർഥി ; അൻവർ പിന്തുണയ്ക്കും
- കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമുണ്ടെന്നും സുധീർ
തൃശൂർ:ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കെപിസിസി മുൻ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായ എൻ. കെ സുധീർ.മത്സരിക്കുന്നത് പി .വി അൻവറിൻ്റെ നേതൃത്വത്തിലുള്ള ഡിഎംകെയുടെ പിന്തുണയോടെയാകും. ചേലക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയാക്കാമെന്ന് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉറപ്പുകൊടുത്തിരുന്നു . അവസാന നിമിഷം ഉറപ്പ് ഇല്ലാതായെന്നും ചേലക്കരയിൽ വിജയം ഉറപ്പെന്നും എൻ. കെ സുധീർ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ തനിക്കൊപ്പമുണ്ടെന്നും സുധീർ വ്യക്തമാക്കി .

രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും ചേലക്കരയിൽ കോൺഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പ് വന്നയുടൻ രമ്യയുടെ പേര് കോൺഗ്രസ് പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ചാണ് സുധീർ അൻവറുമായി സഹകരിച്ച് മത്സരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസിൻ്റെ എല്ലാ പദവികളും ഒഴിയുമെന്നും പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സുധീർ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.