
ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ ഒരു ആരോഗ്യകേന്ദ്രം
- 1993-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഹെൽത്ത് സബ് സെന്റർ. കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്നും പുതിയത് നിർമിക്കണമെന്നുമാണ് എൻജിനീയറിങ് വിഭാഗം അറിയിച്ചത്.
കൂരാച്ചുണ്ട് : ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു ആരോഗ്യകേന്ദ്രം. കൂരാച്ചുണ്ട് പഞ്ചായത്തിൽ 11-ാം വാർഡിലെ എരപ്പാംതോട് ജനകീയ ആരോഗ്യ കേന്ദ്രമാണ് അത്. 1993-ൽ പ്രവർത്തനം ആരംഭിച്ചതാണ് ഹെൽത്ത് സബ് സെന്റർ. കെട്ടിടം അറ്റകുറ്റപ്പണി നടത്താൻ സാധിക്കില്ലെന്നും പുതിയത് നിർമിക്കണമെന്നുമാണ് എൻജിനീയറിങ് വിഭാഗം അറിയിച്ചത്.
കോൺക്രീറ്റ് കെട്ടിടത്തിനുമേൽ ഓട് മേഞ്ഞെങ്കിലും ഓട് പൊട്ടി മഴയത്ത് ചോർന്നൊലിക്കുന്ന അവസ്ഥയാണ്. ക്ലിനിക് ഭാഗത്താണ് കൂടുതൽ ചോർച്ച. വൈദ്യുതി ഇല്ലാത്തതിനാൽ മരുന്നുകൾ ഉൾപ്പെടെ സൂക്ഷിക്കാൻ കഴിയാത്തതും പ്രശമാണ്. പ്രതിരോധ കുത്തിവയ്പിനും പ്രശ്നമാണ്. മരുന്ന് വിതരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. കുഴൽക്കിണറിലെ വെള്ളം ഉപയോഗിക്കുവാൻ കഴിയുന്നില്ല.
സമീപത്തെ വീട്ടിൽ നിന്നാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്.
കൂരാച്ചുണ്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള സ്ഥാപനത്തെ 10, 11, 12 വാർഡുകളിലെയും കായണ്ണ പഞ്ചായത്തിലെ ആറാം വാർഡിലെയും ജനങ്ങൾ ആശ്രയിക്കുന്നതാണ്. കാറ്റുള്ളമല സെന്റ് മേരീസ് പള്ളി സംഭാവന ചെയ്ത സ്ഥലത്താണ് ആരോഗ്യകേന്ദ്രം പ്രവർ ത്തിക്കുന്നത്. ഒരു ജെഎച്ച്ഐ , ജെപിഎച്ച്എൻ ഉൾപ്പെടെ ആറ് ആരോഗ്യ പ്രവർത്തകർ ഇവിടെയുണ്ട്. കെട്ടിടം നിർമിക്കാൻ എൻഎച്ച്എം പദ്ധതിയിൽ 55-ലക്ഷം രൂപ വകയിരുത്തിയതിൽ 27 – ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.