ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി;സമരം തുടങ്ങുമെന്ന് കർഷകർ

ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി;സമരം തുടങ്ങുമെന്ന് കർഷകർ

  • വിലങ്ങാട് മലയങ്ങാട് ഭാഗത്തെ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി വൻ തോതിൽ കൃഷിനശിപ്പിച്ചതിനെ തുടർന്നാണ് സ്വതന്ത്ര കർഷക സംഘത്തിന്റെ തീരുമാനം.

വാണിമേൽ: കാട്ടാന ശല്യം രൂക്ഷമായതോടെ സമരം തുടങ്ങുമെന്ന് കർഷകസംഘം. വിലങ്ങാട് മലയങ്ങാട് ഭാഗത്തെ ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങി വൻ തോതിൽ കൃഷിനശിപ്പിച്ചതിനെ തുടർന്നാണ് കർഷകസംഘത്തിന്റെ തീരുമാനം. തിങ്കളാഴ്ച രാവിലെയാണ് ഒറ്റയാനെ കൃഷിയിടത്തിൽ നാട്ടുകാർ കണ്ടത്. പ്രദേശത്ത് വൻതോതിൽ കൃഷിനശിപ്പിച്ചിട്ടുണ്ട്. ജോയി കടത്തലക്കുന്നേൽ, മലയങ്ങാട് പൊൻമലക്കുന്നേൽ ഷിൻ്റോ, ജോണി മണിമല,വാണിമേൽ എം.കെ. കുഞ്ഞബ്ദുല്ല, കുണ്ടിൽ അമ്മദ്ഹാജി എന്നിവരുടെ കൃഷിയിടത്തിലെ തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയാണ് വലിയ തോതിൽ നശിപ്പിച്ചത്.

വിലങ്ങാട് നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള മലയങ്ങാട് അംഗനവാടിക്കടുത്താണ് കാട്ടാനയിറങ്ങിയത്. ജനവാസകേന്ദ്രത്തിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരെ ഏറെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. നാട്ടുകാർ പടക്കം പൊട്ടിച്ച് കാട്ടാനയെ കാട്ടിനുള്ളിലേക്ക് കയറ്റിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഒരു വർഷത്തിനിടെ പത്തിലേറെത്തവണ കാട്ടാനയിറങ്ങി കൃഷിനശിപ്പിച്ചതായി പരിസരവാസികൾ പറയുന്നു.

ഇനി സമരത്തിന്

വാണിമേൽ വിലങ്ങാട് മലയോരത്ത് കാട്ടാനകൾ ഇറങ്ങിയിട്ടും തടയാനുള്ള നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ ശക്തമായ സമരം ആരംഭിക്കാനൊരുങ്ങി സ്വതന്ത്ര കർഷകസംഘം. വിലങ്ങാട് മലയോരത്തെ പ്രദേശവാസികൾ കാട്ടാനശല്യം തടയാൻ വൈദ്യുതിവേലി സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. കാട്ടാനശല്യം തടയുന്നതിൽ സർക്കാർ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് ശക്തമായി സമരരംഗത്തിറങ്ങാൻ തീരുമാനിച്ചതായി വിലങ്ങാട് യൂത്ത് കോൺഗ്രസ് നേതാക്കളും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )