
ജനാധിപത്യമാണ് പ്രധാനം -ജോൺ ബ്രിട്ടാസ്
- ‘ഇന്ത്യൻ ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊടുവള്ളി:ജനാധിപത്യമാണ് പ്രധാനമെന്നും ജനാധിപത്യമുണ്ടെങ്കിലേ ഭരണ ഘടനയ്ക്ക് നിലനിൽപ്പുണ്ടാവുകയുള്ളു എന്നും രാജ്യസഭാ എംപിയും മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് എംപി. എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ എൽഡിഎഫ് കൊടുവള്ളി മണ്ഡലം സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണ ഘടന നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പുരിനെക്കുറിച്ച് ഒരു ചർച്ച പോലും പാർലമെൻ്റിൽ നടത്താൻ പ്രാധാനമന്ത്രി തയ്യാറാവുന്നില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരു അടിയന്തര പ്രമേയം പോലും അവതരിപ്പിക്കപ്പെട്ടിട്ടില്ല. 370-ാം വകുപ്പ് റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. സിറാജ് ന്യൂസ് എഡിറ്റർ മുസ്തഫ.പി.അറക്കൽ മോഡറേറ്ററായി. പി.ടി.എ. റഹീം എംഎൽഎ, കെ. ബാബു എന്നിവർ സംസാരിച്ചു.