
ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്
- . അവർക്ക് മതരാഷ്ട്ര വാദം ഇപ്പോൾ ഇല്ലെന്നും സതീശൻ വ്യക്തമാക്കി
നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിനെ വെൽഫെയർ പാർട്ടി പിന്തുണച്ചതിന് പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ജമാഅത്തെ ഇസ്ലാമി വർഗീയ ശക്തിയാണെന്ന് കോൺഗ്രസ്സ് പറഞ്ഞിട്ടില്ലെ അവർ ഒരുപാട് മാറിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവർക്ക് മതരാഷ്ട്ര വാദം ഇപ്പോൾ ഇല്ലെന്നും സതീശൻ വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമിയുമായി എൽ ഡി എഫിന് പൂർവ കാലബന്ധമുണ്ടായിരുന്നു. സി പി എമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്ലാമി മതേതര വാദികളും കോൺഗ്രസ്സിനെ പിന്തുണച്ചപ്പോൾ വർഗീയ പ്രസ്ഥാനവുമാകുന്നത് എങ്ങനെയെന്ന് അറിയില്ല. എൽ ഡി എഫിന്റേത് ഇരട്ടത്താപ്പാണ്. എൽ ഡി എഫിന് പിന്തുണ കൊടുത്തപ്പോൾ ആർക്കും പ്രശ്‌നമില്ലായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു.

എൽ ഡി എഫും യു ഡി എഫും തമ്മിലുള്ള പൊളിറ്റിക്കൽ ഫൈറ്റാണ് നടക്കുന്നത്. സി പി എമ്മും ബി ജെ പിയും തമ്മിൽ രഹസ്യബന്ധം ഉണ്ട്. അതാണ് സ്ഥാനാർഥി ഇല്ലെന്ന് പറഞ്ഞതിന് ശേഷം അപ്രസക്തനായ ഒരാളെ ബി ജെ പി നിർത്തിയത്. പക്ഷെ യു ഡി എഫ് വിജയിക്കുമെന്ന് ഉറപ്പാണ്. തൃക്കാക്കരയിൽ 20 മന്ത്രിമാർ ഒരു മാസം വന്ന് ക്യാമ്പ് ചെയ്തിട്ട് ജയിച്ചിട്ടില്ല. അന്ന് ഞങ്ങളാണ് വൻ ഭൂരിപക്ഷത്തോടെ ജയിച്ചത്.
പി വി അൻവറിൻ്റെ സതീശനിസം പരാമർശത്തെ തള്ളിക്കൊണ്ട് ഇവിടെ സതീശനിസം ഇല്ലെന്നും യു ഡി എഫിസം മാത്രമേ ഉള്ളൂവെന്നും സതീശൻ പറഞ്ഞു.
