ജില്ലയിൽ കോൺഗ്രസ് അഭിഭാഷക പാനൽ രൂപീകരിക്കുമെന്ന് കെ.സുധാകരൻ

ജില്ലയിൽ കോൺഗ്രസ് അഭിഭാഷക പാനൽ രൂപീകരിക്കുമെന്ന് കെ.സുധാകരൻ

  • പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേയുള്ള സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്നും സുധാകരൻ.

കോഴിക്കോട്: പാളയം മാർക്കറ്റ് മാറ്റുന്നതിനെതിരേയുള്ള സമരം കോൺഗ്രസ് ഏറ്റെടുക്കുമെന്ന് കെ. സുധാകരൻ. കച്ചവടക്കാരുടെ പ്രതിനിധികൾ പരാതിയുമായി സദസ്സിലെത്തിയതിനെ തുടർന്നായിരുന്നു പ്രഖ്യാപനം. കോഴിക്കോട് ജില്ലയിലെ ഭൂമി സംബന്ധമായും മറ്റുമുള്ള പരാതികൾ കൈകാര്യം ചെയ്യാൻ കോൺഗ്രസ് അഭിഭാഷകപാനലിന് രൂപം നൽകുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.

സമരാഗ്നി പ്രക്ഷോഭ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ചർച്ചാസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ-റെയിൽ വിരുദ്ധ സമര സമിതി, കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യപ്ലാന്റ്റിനെതിരായ സമര സമിതികളുടെ പ്രതിനിധികൾ, വന്യജീവി ശല്യം കൊണ്ട് ബുദ്ധിമുട്ടിലായവർ, ബോട്ട് തൊഴിലാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് പുതിയാപ്പയിലെ തൊഴിലാളികൾ എന്നിവർ ഉന്നയിച്ച പ്രശ്നങ്ങൾ എന്നിവയും ചർച്ചയായി.

കല്ലായിപ്പുഴ കൈയേറ്റം തടയുന്ന കാര്യത്തിൽ കോൺഗ്രസ് നിയമപരമായ സഹായം നൽകും. പുഴ സംരക്ഷണസമിതി പ്രസിഡന്റ്റ് ഫൈസൽ പള്ളിക്കണ്ടിയാണ് പരാതിയുമായെത്തിയത്. ചെങ്ങോട്ടുമല ഖനനവിരുദ്ധ സമരം നടത്തിയവരുടെ പേരിലുള്ള കേസുകളുടെ കാര്യത്തിലും കോൺഗ്രസ്‌ ഇടപെടുമെന്നും കെ.സുധാകരൻ പറഞ്ഞു.

ആത്മഹത്യ ചെയ്തിട്ടും പിതാവിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ അപമാനിക്കുകയാണെന്ന് വികലാംഗ പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് ആത്മഹത്യചെയ്ത ചക്കിട്ട പാറയിലെ ജോസഫിൻ്റെ മകൾ ആൻസി ആരോപിച്ചു. ഇതുവരെ നഷ്ടപരിഹാരം കിട്ടിയില്ലെന്ന പരാതിയുമായാണ് 2021-ൽ കാട്ടുപന്നി ബൈക്കിന് കുറുകെച്ചാടി പരിക്കേറ്റു മരിച്ച കൂരാച്ചുണ്ട് സ്വദേശി റഷീദിൻ്റെ ഭാര്യ സീനത്ത് കോൺഗ്രസ് നേതാക്കൾക്കു മുന്നിലെത്തിയത്.

പ്രതിസന്ധിയിലായ നെല്ല്, നാളികേര, റബ്ബർ കർഷകർ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, തെരുവു കച്ചവടക്കാർ, മീൻപിടിത്തത്തൊഴിലാളികൾ തുടങ്ങി അശാസ്ത്രീയ ജലവിതരണം നെൽക്കൃഷിയെ തകിടം മറി ക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ജനങ്ങൾ ഉന്നയിച്ചു.

വായ്പയെടുത്ത് 700 – വാഴക്കന്ന് നട്ട തനിക്ക് 10- കുലപോലും വെട്ടാനായില്ലെന്നു പറഞ്ഞ് വികാരഭരിതനായി ചക്കിട്ടപാറയിലെ എബ്രഹാം ഉഴുന്നാലിനെ കെ. സുധാകരൻ ആശ്വസിപ്പിച്ചു. കോൺഗ്രസ് കർഷകർക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )