
ജില്ല സ്‌കൂൾ കായികമേള; കിരീടം നേടി മുക്കം സബ് ജില്ല
- 213 പോയന്റുമായി പേരാമ്പ്ര രണ്ടാമത്, സ്കൂളുകളിൽ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്എച്ച്എസ്ന് ഒന്നാം സ്ഥാനം
കോഴിക്കോട്: ജില്ല സ്‌കൂൾ കായിക മേളയിൽ തുടർച്ചയായ 13-ാം തവണയും കിരീടം മുക്കം സബ് ജില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന മത്സരത്തിൽ 275 പോയന്റുമായാണ് മുക്കം ഓവറോൾ കിരീടം നിലനിർത്തിയത്. ആദ്യദിനത്തിൽ നേടിയ മേൽകൈ മുക്കം അവസാനം വരെ നിലനിർത്തി. 32 സ്വർണവും 22 വെളിയും 24 വെങ്കലവുമായാണ് കിരീടം നിലനിർത്തിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എച്ച്.എസാണ് മുക്കത്തിന്റെ വിജയശിൽപി. 213 പോയന്റുമായി പേരാമ്പ്രയാണ് രണ്ടാമത്. 24 സ്വർണവും 13 വെള്ളിയും 18 വെങ്കലവും നേടി. ബാലുശേരി 90 പോയന്റുമായി മൂന്നാമതായി. കോഴിക്കോട് സിറ്റി 73 പോയന്റുമായി നാലാമതുമാണ്.

സ്കൂളുകളിൽ തുടർച്ചായി 15-ാം തവണയും പുല്ലൂരാപാറസെന്റ് ജോസഫ്‌സ് എച്ച്.എച്ച്.എസ് ഓവറോൾ കിരീടം നിലനിർത്തി. 25 സ്വർ ണവും 12 വെള്ളിയും 15 വെങ്കലവുമായി 176 പോയന്റുമായാണ് തേരോട്ടം.കടുത്ത പോരാട്ടം കാഴ്ചവെച്ച് 125 പോയ ന്റുമായി കുളത്തുവയൽ സെന്റ് ജോർജ്സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. 18 സ്വർണവും എട്ട് വെള്ളിയും 11 വെങ്കല മെഡലാണ് നേടിയത്. 74 പോയന്റുമായി പൂവമ്പായി എ.എംഎച്ച്.എസ് മൂന്നാം സ്ഥാനത്തെത്തി. മൂന്ന് സ്വർണ മെഡൽ അടക്കം 26 പോയന്റുമായി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ നാലാം സ്ഥാനത്തുമാണ്.സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനവും സമ്മാനദാനവും അഹമ്മദ് ദേവർ കോവിൽ എം.എൽ.എ നിർവഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ മുഖ്യാതിഥിയായി.