
ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ
- ക്ഷേമപെൻഷനായി ഇതുവരെ നൽകിയത് 38,500 കോടി
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി ലഭിക്കുക. ക്ഷേമപെൻഷനായി ഈ സർക്കാർ ഇതുവരെ 38,500 കോടി രൂപ നൽകിയതായും മന്ത്രി അറിയിച്ചു.

2016-21 ലെ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുൾപ്പെടെ 35,154 കോടി രൂപ ക്ഷേമപെൻഷനായി വിതരണം ചെയ്തു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഒമ്പത് വർഷം കൊണ്ട് ക്ഷേമപെൻഷനായി നൽകിയത് 73,654 കോടി രൂപയാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ഷേമ പെൻഷനായി ആകെ നൽകിയ തുക 9,011 കോടി രൂപയും. കേന്ദ്രസർക്കാർ കേരളത്തിനുമേൽ ഏർപ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളിൽ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
