
എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി
- അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു.
തിരുവനന്തപുരം:അനധികൃത സ്വത്തു സമ്പാദനക്കേസിൽ എക്സൈസ് കമ്മീഷണർ എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി തള്ളി. തിരുവനന്തപുരം സ്പെഷൽ വിജിലൻസ് കോടതിയാണ് റിപ്പോർട്ട് തള്ളിയത്. വിജിലൻസിന്റെറെ ക്ലീൻചിറ്റ് റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും വിഷയത്തിൽ എല്ലാ സംശയങ്ങളും ദൂരീകരിക്കപ്പെട്ടിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചിരുന്നു.

എഡിജിപി എം ആർ അജിത് കുമാർ ഭാര്യാ സഹോദരനുമായി ചേർന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവടിയാറിൽ വാങ്ങി അവിടെ ആഡംബര കെട്ടിടം നിർമിക്കുന്നതിൽ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹരജിക്കാരന്റെ വാദം. അഭിഭാഷകനായ നെയ്യാറ്റിൻകര സ്വദേശി നാഗരാജാണ് എഡിജിപി യ്ക്കെതിരെ ഹരജി നൽകിയത്. ആഗസ്ത‌് 30 ന് നാഗരാജിനെ കോടതിയിൽ വിളിച്ചു വരുത്തി മൊഴിയെടുക്കും. അജിത് കുമാറിനെതിരെ കീഴുദ്യോഗസ്ഥരായ എസ്‌പിയും ഡിവൈഎസ്‌പിയും അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്.
