
ടഗോർ ഹാൾ വളപ്പിൽ 500 പേർക്ക് പരിപാടികൾ കാണാനുള്ള സൗകര്യം ഒരുക്കി
- നഗരത്തിൽ പരിപാടികൾ നടത്താൻ ഹാളില്ലാത്ത സാഹചര്യത്തിൽ ആണ് കോർപറേഷൻ ടാഗോർ ഹാൾ വളപ്പിൽ താൽക്കാലിക വേദി ഒരുക്കിയത്
കോഴിക്കോട്: നഗരത്തിൽ പരിപാടികൾ നടത്താൻ ഹാളില്ലാത്ത സാഹചര്യത്തിൽ കോർപറേഷൻ ടാഗോർ ഹാൾ വളപ്പിൽ താൽക്കാലിക വേദി ഒരുക്കി. ടാഗോർ ഹാളിൻ്റെ പാർക്കിങ് ഷെഡിൽ സ്റ്റേജ് ഒരുക്കിയാണ് താൽക്കാലിക വേദി തയാറാക്കിയത്. ടാഗോർ ഹാൾ പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി അടച്ചിടുകയും ടൗൺഹാൾ നവീകരണത്തിനായി പൂട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത് തയാറാക്കിയത്.
500 പേർക്ക് പരിപാടികൾ കാണാനുള്ള സൗകര്യം പുതിയ സംവിധാനത്തിൽ ഉണ്ടാകുമെന്ന് കോർപറേഷൻ സ്‌ഥിരം സമിതി അധ്യക്ഷൻ പി.സി.രാജൻ പറഞ്ഞു. ടൗൺഹാളിന്റെ അതേ വാടക തന്നെയാണ് ഇവിടെയും സാംസ്‌കാരിക പരിപാടികൾക്ക് ഈടാക്കുകയെന്നും ബുക്കിങ് ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരത്തിൽ കോർപറേഷൻ ഹാളുകളുടെ കുറവ് കാരണം കലാ- സാംസ്‌കാരിക പരിപാടികൾ നടത്താൻ ഹാളുകൾ ഇല്ലാത്തതിന്റെ പേരിൽ നഗരത്തിലെ കലാ-സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ കലാ സാംസ്കാരിക സംയുക്‌ത വേദി പ്രക്ഷോഭത്തിനു ഒരുങ്ങിയിരുന്നു. തുടർന്ന് മേയർ ബീന ഫിലിപ്പും ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദും കലാ സാംസ്കാരിക സംയുക്‌ത വേദി ഭാരവാഹികളുമായി ചർച്ച നടത്തിയിരുന്നു.കൂടാതെ ടാഗോർ ഹാൾ വളപ്പിൽ താൽക്കാലിക വേദി ഒരുക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.