
ടൂറിസ്റ്റ് ഹോമിൽ നിന്നും എംഡിഎംഎ പിടിച്ച കേസിലെ മൂന്നാം പ്രതിയും പിടിയിൽ
- മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടിൽ മുഹമ്മദ് ഷമീലാണ് പിടിയിലായത്
കോഴിക്കോട്:കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും 221.89 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ മൂന്നാം പ്രതിയും പിടിയിൽ. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടിൽ മുഹമ്മദ് ഷമീലിനെയാണ് (24) കുന്ദമംഗലം പൊലീസ് മൈസൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി 21ന് രജിസ്റ്റർ ചെയ്‌ത കേസിൽ നേരത്തെ അറസ്റ്റിലായ കാസർകോട് മഞ്ചേശ്വരം സ്വദേശി ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27), കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ തെളിവെടുപ്പിന് ബംഗളൂരുവിൽ കൊണ്ടുപോയിരുന്നു. തെളി വെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്‌ജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൂട്ടുപ്രതി മുഹമ്മദ് ഷമീലിനെക്കുറിച്ച് വിവരം കിട്ടിയത്.

മുഹമ്മദ് ഷമീലിന്റെ മൊബൈൽ ലൊക്കേഷൻ മൈസൂരുവിലാണെന്ന് തുടർന്നുള്ള അന്വേഷണത്തിൽ മനസിലാക്കിയ പൊലീസ് അവിടേക്ക് തിരിച്ചു. മൈസൂരുവിലെ വൃന്ദാവൻ ഗാർഡനു സമീപത്തെ ഹോട്ടലിനടുത്തുനിന്ന് ഇൻസ്പെക്ടർ കിരണിന്റെ നിർദേശ പ്രകാരം എസ്ഐ നിതിൻ, എസ്. സി. പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. ബംഗളൂരുവിൽ നിന്നും എംഡിഎംഎ കോഴിക്കോട്ടേയ്ക്ക് എത്തിച്ച് നൽകുന്ന കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ മൂന്നു പേരുമെന്ന് പൊലീസിന് വ്യക്തമായി.