
ട്രായ് നിർദേശമിറക്കി; വോയിസ് കോളിനും എസ്എംഎസിനുമായി റീച്ചാർജ് പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
- മറ്റ് കമ്പനികളും സമാന രീതിയിൽ പ്ലാനുകൾ ഇറക്കുമെന്നാണ് വിവരം
ന്യൂ ഡൽഹി:ട്രായ് നിർദേശ പ്രകാരം പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ഭാരതി എയർടെൽ. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച നിർദേശത്തെത്തുടർന്നാണ് വോയിസ് കോളും എസ്.എം.എസും മാത്രം ഉൾപ്പെടുന്ന റീച്ചാർജ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.രണ്ട് റീച്ചാർജ് പ്ലാനുകളാണ് അവതരിപ്പിച്ചത്. വോയിസ് കോൾ, എസ്.എം.എസ്. എന്നിവയ്ക്ക് മാത്രമായി പുതിയ റീച്ചാർജ് പ്ലാനുകളൊന്നും കമ്പനി പുറത്തിറക്കിയിട്ടില്ല. അതേസമയം, നിലവിലെ രണ്ട് റീച്ചാർജ് പ്ലാനുകൾ പുനഃക്രമീകരിച്ച് വോയിസ് കോൾ, എസ്.എം.എസ്. സേവനങ്ങൾക്ക് മാത്രമായി മാറ്റുകയാണ് ചെയ്തത്.

509 രൂപയുടെ റീച്ചാർജ് പ്ലാനിൽ ഇനിമുതൽ അൺലിമിറ്റഡ് വോയിസ് കോളുകളും 900 എസ്.എം.എസുകളും ലഭിക്കും. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. എയർടെൽ എക്സ്ട്രീം ആപ്പ്, അപ്പോളോ 24/7 സർക്കിൾ മെമ്പർഷിപ്പ്, സൗജന്യ ഹലോട്യൂൺ സേവനങ്ങളും ഈ പ്ലാനിൽ ലഭിക്കും.വോയിസ് കോളുകൾക്കും എസ്.എം.എസിനും മാത്രമായി റീച്ചാർജ് ചെയ്യാവുന്ന സൗകര്യം ഉപയോക്താക്കൾക്ക് നൽകണമെന്ന് ട്രായ് നേരത്തെ ടെലികോം കമ്പനികളോട് നിർദേശിച്ചിരുന്നു. ഫീച്ചർ ഫോണുപയോഗിക്കുന്ന ഉപഭോക്താക്കൾ ഇന്റർനെറ്റ് ഡേറ്റ ഉപയോഗിക്കുന്നില്ല. അവർക്കാവശ്യമില്ലാത്ത സേവനത്തിന് നിലവിൽ പണം നൽകേണ്ട സ്ഥിതിയുണ്ട്. അതുകൊണ്ട് ഉപഭോക്താക്കൾക്ക് ആവശ്യമുള്ള സേവനത്തിനു മാത്രമായി റീച്ചാർജ് സൗകര്യമൊരുക്കണമെന്നാണ് ട്രായ് മുൻപ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ്.എം.എസ്. സേവനത്തിനുമാത്രമായി പുറത്തിറക്കണമെന്ന നിർദേശവുമായി 2012-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്ത് ട്രായ് ഉത്തരവിറക്കുകയും ചെയ്തിരുന്നു ഇനി മറ്റ് കമ്പനികളും സമാന രീതിയിൽ പ്ലാനുകൾ ഇറക്കുമെന്നാണ് വിവരം.