
ട്രെയിനുകളിൽ സ്ലീപ്പർ, എ.സി ക്ലാസുകളിൽ സ്ത്രീകൾക്ക് റിസർവേഷൻ വരുന്നു
- എക്സ്പ്രസ് ട്രെയിനുകളിൽ തേഡ് എ.സി ക്ലാസിലും വനിതകൾക്ക് റിസർവേഷൻ ലഭിക്കും, അധികം പണം അടക്കേണ്ടിവരില്ല
ന്യൂഡൽഹി: രാജ്യത്തെ ദീർഘദൂര ട്രെയിനുകളിലെ സ്ലീപ്പർ, എ.സി ക്ലാസുകളിൽ സ്ത്രീകൾക്ക് പ്രത്യേക റിസർവേഷൻ ഒരുക്കി ഇന്ത്യൻ റെയിൽവേ. സ്ത്രീകൾക്ക് ബെർത്തുകൾ റിസർവ് ചെയ്യാൻ 1989 ലെ റെയിൽവേ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുപ്രകാരം ദീർഘദൂര മെയിൽ/എക്‌സ്പ്രസ് ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസിൽ ആറ് ബെർത്തുകൾ വീതവും ഗരീബ് രഥ്/രാജധാനി/ഡുറോന്റോ/പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത് എക്സ്പ്രസ് ട്രെയിനുകളിൽ തേഡ് എ.സി ക്ലാസിലും വനിതകൾക്ക് റിസർവേഷൻ ലഭിക്കും.
ഇതിനായി അധികം പണം അടക്കേണ്ടിവരില്ല.

സ്ലീപ്പർ ക്ലാസിൽ ഓരോ കോച്ചിലും ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും തേഡ് എ.സിയിൽ ഒരു കോച്ചിൽ നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും സെക്കന്റ് എ.സിയിൽ മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും മുതിർന്ന പൗരന്മാർക്കും 45 വയസും അതിൽ കൂടുതലുമുള്ള സ്ത്രീ യാത്രക്കാർക്കും ഗർഭിണികൾക്കും സംവരണം ചെയ്യണമെന്നും റെയിൽവേ നിയമത്തിലുണ്ട്. മിക്ക ദീർഘദൂര മെയിൽ/എക്സസ്പ്രസ് ട്രെയിനുകളിലും സെക്കൻഡ് ക്ലാസ് കം ലഗേജ് കം ഗാർഡ്സ് കോച്ചുകളിൽ (എസ്.എൽ.ആർ) സ്ത്രീകൾക്ക് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി.
