
ഡിഎൽഎഡിന് ഇപ്പോൾ അപേക്ഷിക്കാം
- അധ്യാപകരാകാൻ അവസരം
പ്ലസ്ടു പഠനം പൂർത്തിയായവർക്ക് രണ്ടു വർഷത്തെ പഠനം കൊണ്ട് എൽപി /യുപി സ്കൂൾ തലങ്ങളിൽ അധ്യാപകരാകാൻ അവസരം നൽകുന്ന കോഴ്‌സായ ഡിഎൽഎഡ് അഥവാ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷന് ഇപ്പോൾ അപേക്ഷിക്കാം . 2024-26 അധ്യയന വർഷത്തിൽ ഗവൺമെന്റ്/ എയ്ഡഡ്,സ്വാശ്രയ സ്ഥാപനങ്ങൾ നടത്തുന്ന ഡിഎൽഎഡ് കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നത്.
കേരളത്തിൽ ഗവൺമെന്റ് / എയ്ഡഡ് മേഖലയിലും സ്വാശ്രയ മേഖലയിലും 101 ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വീതമാണുള്ളത്.
ആകെയുള്ള സീറ്റുകളിൽ പ്ലസ്ടു സയൻസ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകാർക്ക് 40 ശതമാനം വീതം സീറ്റുകളിലും കൊമേഴ്സ് ആകെയുള്ള സീറ്റുകളിൽ പ്ലസ് സയൻസ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകാർക്ക് 40 ശതമാനം വീതം സീറ്റുകളിലും കൊമേഴ്സ് സ്ട്രീമുകാർക്ക് 20 ശതമാനം സീറ്റുകളിലുമാണ് പ്രവേശനം നൽകുന്നത്.
സ്വാശ്രയ സ്ഥാപനങ്ങളിലെ 50 ശതമാനം സീറ്റ് ഓപൺ മെറിറ്റും 50 ശതമാനം മാനേജ്മെന്റ്റ് സീറ്റുമാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അതത് മാനേജർമാരാണ് മാനേജ്മെൻറ് സീറ്റുകളുടെ പ്രവേശനം നടത്തുന്നത്. ന്യൂനപക്ഷ സമുദായ വിഭാഗങ്ങൾ നടത്തുന്ന സ്ഥാപനങ്ങളിൽ 50 ശതമാനം സീറ്റുകൾ പൊതു മെറിറ്റടിസ്ഥാനത്തിലും 50 ശതമാനം സീറ്റുകൾ അതാത് ന്യൂനപക്ഷ സമുദായ വിഭാഗത്തിൽനിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലുമാണ്പ്രവേശനം നൽകുന്നത്. മൈനോറിറ്റി വിഭാഗത്തിൽപെടാത്ത എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റിലേക്ക് മാനേജർമാർ അർഹതയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത് .
യോഗ്യത:
50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം. ഒബിസി വിഭാഗത്തിന് 45 ശതമാനം മതി. പട്ടിക വിഭാഗങ്ങൾക്ക് പാസ് മാർക്കും. മൂന്ന് ചാൻസിൽ കൂടുതൽ എടുത്ത് യോഗ്യതാ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല. 2024 ജൂലൈ ഒന്നിനു 17 വയസ് തികഞ്ഞിരിക്കണം. 33 വയസിൽ കൂടാനും പാടില്ല. ഉയർന്ന പ്രായപരിധിയിൽ പട്ടിക വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. വിമുക്ത ഭടന്മാർക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷ www.education.kerala.gov.in വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന നിശ്ചിത അപേക്ഷാ ഫോമിൽ അപേക്ഷ സമർപ്പിക്കണം. ഗവൺമെന്റ്/ എയിഡഡ് വിഭാഗത്തിലും സ്വാശ്രയ വിഭാഗത്തിലും പ്രത്യേകം അപേക്ഷിക്കണം. ഇരു വിഭാഗത്തിലും ഓരോ റവന്യൂ ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. ഒരു ജില്ലയിൽ മാത്രമേ അപേക്ഷിച്ചിട്ടുള്ളൂ എന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകണം. പ്രവേശനമാഗ്രഹിക്കുന്ന റവന്യൂ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജൂലൈ 18 നകം അപേക്ഷ സമർപ്പിക്കണം.ഗവൺമെന്റ്/ എയിഡഡ് വിഭാഗത്തിൽ അഞ്ച് രൂപയും സ്വാശ്രയ വിഭാഗത്തിൽ 100 രൂപയുമാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്ക് ഫീസില്ല. മാനേജ്മെന്റ് സീറ്റുകളുടെ പ്രവേശനത്തിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. എയ്ഡഡ് വിഭാഗ മാനേജ്മെന്റ് അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്കും നൽകണം.