
ഡ്രൈവിങ് ടെസ്റ്റിലെ നിയന്ത്രണം; ചൂടിൽ പ്രതിഷേധം, തിരുത്തിൽ തണുത്തു
- എല്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടായി.തുടർന്ന് മുൻകൂട്ടി അവസരം നൽകിയവർക്ക് ടെസ്റ്റ് നടത്താൻ അനുവാദം നൽകി.
കോഴിക്കോട് : ഒരു കേന്ദ്രത്തിൽ 50 ഡ്രൈവിങ് ടെസ്റ്റ് മാത്രമേ നടത്താവു എന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദേശം വന്നതിനെ തുടർന്ന് പ്രതിഷേധം കനക്കുന്നു. ജില്ലയിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകാരും ടെസ്റ്റിനെത്തിയവരുമാണ് പ്രതിഷേധിച്ചത്.
വ്യാഴാഴ്ച രാവിലെ ടെസ്റ്റിനായി എത്തിയപ്പോഴാണ് പലരും ടെസ്റ്റ് നടത്തുന്നത് വെട്ടിക്കുറച്ചത് അറിയുന്നത്. തുടർന്ന് ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും കടുത്ത പ്രതിഷേധമുണ്ടായി. തുടർന്ന് മുൻകൂട്ടി അവസരം നൽകിയവർക്ക് ടെസ്റ്റ് നടത്താൻ അനുവാദം നൽകുകയായിരുന്നു. മിക്ക സെന്ററുകളിലും വ്യാഴാഴ്ചത്തേക്ക് 120 പേർക്ക് ടെസ്റ്റിൽ പങ്കെടുക്കാൻ മുൻകൂട്ടി തീയതി നൽകിയിരുന്നു. ഇതിൻ്റെയടിസ്ഥാനത്തിൽ ടെസ്റ്റിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പുതിയ നിർദേശം വന്നത് അറിയുന്നത് . ബാക്കിയുള്ളവർക്ക് എപ്പോൾ ടെസ്റ്റ് നടത്തുമെന്നതിൽ വ്യക്തതയില്ലാതെ വന്നതോടെയാണ് ടെസ്റ്റിനു വന്നവരും ഡ്രൈവിങ് സ്കൂൾ അസോസിയേഷൻ പ്രവർത്തകരും പ്രതിഷേധിച്ചത്.
ബുധനാഴ്ച വൈകീട്ടോടെയാണ് ടെസ്റ്റിൽ ക്രമീകരണം ഏർപ്പെടുത്താൻ ആർടിഒ ഓഫീസുകൾക്ക് നിർദേശം ലഭിച്ചത്. ഇത് ടെസ്റ്റിനെത്തിയവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെച്ച ടെസ്റ്റ് പുനരാരംഭിച്ചത് പതിനൊന്നുമണിക്കാണ്. റോഡ് ടെസ്റ്റ് പൂർത്തിയാവുന്നത് വൈകീട്ട് നാലുമണിക്കും. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് ഗ്രൗണ്ടുകളിൽ ടെസ്റ്റ് നടത്താറുള്ളത്.
ഇത്തരത്തിൽ നിർദേശം വന്നതിൻ്റെ അടിസ്ഥാനത്തിൽ ലേണിങ് ടെസ്റ്റുകളുടെ എണ്ണത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. ചേവായൂർ ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ സംയുക്തസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. എം.കെ. രാഘവൻ എംപി സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
കൊടുവള്ളി ജോയൻ്റ് ആർടിഒയുടെ മുക്കം പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ടെസ്റ്റ് ഗ്രൗണ്ടിലും ടെസ്റ്റിനായി എത്തിയവർ പ്രതിഷേധിച്ചു. പേരാമ്പ്ര, വടകര, കൊയിലാണ്ടി, നന്മണ്ട, രാമനാട്ടുകര ജോയന്റ് ആർടിഒ ഓഫീസുകളിലെ ടെസ്റ്റ് ഗ്രൗണ്ടുകളിലും പ്രതിഷേധമുണ്ടായി.