
തുരങ്കപാത സ്ഥലമെടുപ്പ്; വയനാട്ടിൽ പൂർത്തീകരിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
- കൊങ്കൺ കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഡിപിആർ സർക്കാർ അംഗീകരിച്ചു
കോഴിക്കോട് :വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കല്ലാടി-മേപ്പാടി തുരങ്കപാത നിർമാണ പദ്ധതിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പ് വയനാട് ജില്ലയിൽ പൂർത്തിയായെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ ആകെ ആവശ്യമായ 11.1582 ഹെക്ടർ ഭൂമിയിൽ 9.3037 ഹെക്ടർ ഏറ്റെടുത്തുവെന്നും മന്ത്രി നിയസഭയെ അറിയിച്ചു. കൊങ്കൺ കോർപ്പറേഷൻ ലിമിറ്റഡ് (കെആർസിഎൽ) നൽകിയ വിശദമായ ഡിപിആർ സർക്കാർ അംഗീകരിച്ചു.
2043.74 കോടി (ജിഎസ്ടി ഒഴിവാക്കിയ തുക) രൂപയുടെ പരിഷ്കരിച്ച ഭരണാനുമതി 2022 ഫെബ്രുവരി 25ന് നൽകി. കരാർ നൽകിയ ശേഷം നാല് വർഷമാണ് ഈ പദ്ധതിയുടെ പൂർത്തീകരണ കാലാവധി. തുരങ്കത്തിലേക്കുള്ള അനുബന്ധപാത സംസ്ഥാന പാതയായി പ്രഖ്യാപിച്ചിട്ടുണ്ട്. 2024 ജനുവരി 30ലെ ഗസറ്റ് വിജ്ഞാപനം പ്രകാരം ഈ റോഡ് എസ്എച്ച് 83 ആയിട്ട് സർക്കാർ ഉത്തരവായി.
17.263 ഹെക്ടർ വന ഭൂമിക്കുള്ള സ്റ്റേജ്- ഒന്നിൻ വനംവകുപ്പിൻ്റെ ക്ലിയറൻസ് ബാംഗ്ലൂർ റീജിയണൽ ഓഫീസിൽ നിന്ന് 2023 മാർച്ച് 31ന് ലഭിച്ചു. 12 മാസത്തെ സമഗ്രമായ പാരിസ്ഥിതിക ആഘാത പഠനം 2023 ജൂലൈ 31 ന് പൂർത്തിയായി. സംസാഥാന പാരിസ്ഥിതിക അപ്രൈസൽ കമ്മിറ്റി നോമിനേറ്റഡ് കമ്മിറ്റി മെയ് 22 ന് നിർദിഷ്ട ടണൽ സൈറ്റ് പരിശോധിച്ചു കഴിഞ്ഞു . അതേ സമയം ടെൻഡർ വിജ്ഞാപനം രണ്ട് പാക്കേജ് ആയി പുറപ്പെടുവിച്ചു. പാക്കേജ്- ഒന്നിൽ 93.12 കോടി രൂപയുടെ പാക്കേജ്-രണ്ടിൽ 1643.33 കോടി രൂപയാണ്. ടെക്നിക്കൽ ബിഡ് ഏപ്രിൽ 19ന് തുറന്നു. അതിന്റെ സൂക്ഷ്മപരിശോധന നടക്കുകയാണ്.