
തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തിൽ ചേർത്തുവെന്ന് വിഎസ് സുനിൽകുമാർ
- ആയിരക്കണക്കിനാളുകളെ ബിജെപി കൊണ്ടുവന്നതാണെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു
തൃശൂർ: തൃശൂരിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകളാണ് പുറത്തുവരുന്നത്. തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തിൽ ചേർത്തുവെന്ന ആരോപണവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ രംഗത്തെത്തി. വരവൂർ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആർ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയിൽ ചേർക്കപ്പെട്ടുവെന്നും ഷാജിയുടെ വോട്ടിലെ ക്രമക്കേട് ഇന്നലെയാണ് താൻ കണ്ടെത്തിയതെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.

ചേലക്കര മണ്ഡലത്തിലെ സ്ഥിരം താമസക്കാരനാണ് കെആർ ഷാജി. വരവൂർ പഞ്ചായത്തിലെ നടത്തറയിലാണ് കുടുംബത്തോടൊപ്പം ഷാജി താമസിക്കുന്നത്. ഭാര്യയ്ക്കും അമ്മയ്ക്കുമുൾപ്പെടെ വോട്ട് അവിടെയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് വരവൂർ പഞ്ചായത്തിലായിരുന്നു. എന്നാൽ 2024ൽ വോട്ട് പൂങ്കുന്നത്തായിരുന്നു. പൂങ്കുന്നത്തെ ഫ്ലാറ്റ് ഇൻലാൻഡ് ഫ്ലാറ്റിൽ 1119, 1121 വോട്ടായി ചേർത്തതായി കണ്ടെത്തിയെന്ന് സുനിൽ കുമാർ പറഞ്ഞു. ഇതിന്റെ അർത്ഥം ആയിരക്കണക്കിനാളുകളെ ബിജെപി കൊണ്ടുവന്നതാണെന്നും സുനിൽ കുമാർ കൂട്ടിച്ചേർത്തു.
