
തെങ്ങുകയറാൻ ഇനി ആളെ തിരഞ്ഞു വലയേണ്ട: വരുന്നു റോബോർട്ട്
- വടകര കോക്കനട്ട് ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുമായി ചേർന്നുള്ള നിർമാണത്തിന് നമ്പാർഡ് അനുമതി നൽകി.
വടകര: വിളവുകാലമാവുമ്പോൾ കർഷകരുടെ നെഞ്ചിൽ തീയാണ്. തെങ്ങിൽ കയറാൻ ഇതര സംസ്ഥാന തൊഴിലാളികളെ പോലും കിട്ടാനില്ല. പക്ഷെ പരിഹാരമുണ്ട്. വരുന്നു റോബോട്ട്! അതും വരും തലമുറനില വാരത്തിലുള്ളത്. യുവ എൻജിനിയർ അഷിൻ പി. കൃഷ്ണ വികസിപ്പിച്ചെടുത്ത കൊക്കോ ബട്ട് റോബോട്ടിന് വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുമായി ചേർന്ന് നിർമിക്കാൻ നബാർഡ് അനുമതി നൽകിയത് ആശ്വാസ വാർത്തയാവുകയാണ്. പദ്ധതിക്കുവേണ്ടിയുള്ള സാമ്പത്തിക സഹായമാണ് ഫാം സെക്ടർ പ്രമോഷൻ ഫണ്ട് (എഫ്.എസ്.പി.എഫ്.) പ്രകാരം നബാർഡ് അനുവദിക്കുക. കർഷകർക്കുവേണ്ടി വ്യാവസായികാടിസ്ഥാനത്തിൽ യന്ത്രം നിർമിക്കുക എന്നത് അഷിന്റെ ആഗ്രഹമായിരുന്നു.
വടകര നാളികേരക്കമ്പനിക്കും ഇത് അഭിമാനനിമിഷമാണ്. കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശിയായ അഷിൻ, ജെ.ഡി.ടി. ഇസ്ലാം പോളിടെക്നിക് കോളേജിൽ നിന്ന് കഴിഞ്ഞവർഷമാണ് മെക്കാനിക്കൽ എൻജിനിയറിങ് പൂർത്തിയാക്കിയത്.
2020 – മുതൽ മനസ്സിലുള്ള പദ്ധതിയാണ് കൊക്കോ റോബോട്ട്. തെങ്ങുകയറാനും തേങ്ങയിടാനും റോബോട്ടുകൾ പലരും വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒന്നും ഒരു ഉൽപ്പന്നമായി വിപണിയിലെത്തിയിട്ടില്ല. വിപണിയിൽ എത്തിക്കഴിഞ്ഞാൽ വലിയ രീതിയിൽ സ്വീകാര്യത ഉണ്ടാകുമെന്നത് ഉറപ്പാണ്.
വരുന്നത് എ.ഐ എന്തിരൻ
എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളെല്ലാം ചേർന്നുള്ള പ്രവർത്തന രീതിയാണ് റോബോട്ടിൽ ഉള്ളത്. ഏത് രീതിയിലുള്ള തെങ്ങുകളിലും ഈ റോബോട്ട് കയറുമെന്ന് അഷിൻ പറയുന്നു. വിളഞ്ഞ തേങ്ങ തിരിച്ചറിഞ്ഞ് വെട്ടിയിടും, റോബോട്ടിന് ഭാരം കുറവായിരിക്കും പരമാവധി ആറുകിലോയിൽ ഒതുങ്ങും. നിർമാണം പൂർത്തിയാകു മ്പോഴേക്കും കൂടുതൽ സൗകര്യങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. തുടക്കത്തിലെ നിർമാണച്ചെലവ് അഞ്ചുലക്ഷം രൂപയോളം വരും. പക്ഷേ ഉൽപ്പന്നമായി വിപണിയിലിറക്കുമ്പോൾ ചെലവ് കുറയും. റോബോട്ട് നിർമിക്കാനുള്ള അനുമതി നബാർഡിൽ നിന്ന് പെട്ടെന്ന് തന്നെ കിട്ടിയത് സഹായകമായെന്നും അഷിൻ പറയുന്നു.