
തെരുവുനായപ്പേടിയിൽ മലയോരഗ്രാമങ്ങൾ
- തെരുവ് നായകൾക്ക് പേവിഷ ബാധയുള്ളതായി നാട്ടുകാർ പറയുന്നു.
- തിരുവമ്പാടി, കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ ഇല്ലാത്തത് ദുരിതമാകുന്നു.
തിരുവമ്പാടി: വന്യമൃഗശല്യം കാരണം ബുദ്ധിമുട്ടിലായ മലയോരജനതയ്ക്ക് തെരുവുനായകളുടെ ശല്യവും. തിരുവമ്പാടി, കൂടരഞ്ഞി ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് തെരുവു നായകളുടെ ആക്രമണങ്ങൾ കൂടുതലും.
മുഴുവൻ സമയവും വാഹനങ്ങൾ ഓടുന്ന റോഡിലും തെരുവ് നായ ശല്യമാണ്. ഇരുചക്രവാഹനങ്ങൾക്ക് വട്ടമിടുന്നത് അപകടകരമാണെന്ന് നാട്ടുകാർ പറയുന്നു. രാവിലെയും വൈകീട്ടുമാണ് നായശല്യം രൂക്ഷമാകുന്നത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കിത് ഭീഷണിയാകുന്നുണ്ട്. കൂടരഞ്ഞിയിൽ തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ ഏഴുപേർക്ക് കടിയേറ്റി രുന്നു.വിദ്യാർത്ഥിയുടെ കൈക്കേറ്റ പരിക്ക് ഗുരുതരമാണ്. തെരുവ് നായകൾക്ക് പേവിഷ ബാധയുള്ളതായി നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ വിവിധ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു.
പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി ഭാഗങ്ങളിലും തെരുവുനായ ശല്യം രൂക്ഷണ്. വളർത്തുമൃഗങ്ങളെ കൂട് തകർത്ത് ആക്രമിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടിവരുന്ന തെരുവ് നായ ശല്യത്തെ തുടർന്ന് കൂടരഞ്ഞി പഞ്ചായത്ത് പരിധിയിലെ മുഴുവൻ തെരുവുനായകളെയും പിടികൂടാൻ നടപടി ആരംഭിച്ചതായി ഗ്രാമപ്പഞ്ചയത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു. പിടികൂടുന്ന നായകളെ ആനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാം ഷെൽട്ടർ ഹോമിലേക്ക് കൈമാറും.
തെരുവ്നായ ശല്യം കൂടുമ്പോഴും തിരുവമ്പാടി, കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ വാക്സിൻ ഇല്ലാത്തത് ദുരിതമാകുന്നു. നായയുടെ കടിയേറ്റാൽ മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തെ ആശ്രയിക്കേണ്ട അവസ്ഥയാണ് മലയോരവാസികൾക്ക്.
അതെ സമയം കുടരഞ്ഞിയിൽ ഒട്ടേറെ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരം കൃത്യമായ ചികിത്സയും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണമെന്നും വളർത്തു മൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ വിശദ വിവരങ്ങൾ കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്ണൻ ഫോൺ: 9745434865, കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ. അഞ്ജലി 8943536998, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് 7306163500 എന്നിവരെ അറിയിക്കണമെന്നും അധികൃതരറിയിച്ചു.