
തെളിനീരിന് ഇനി കളിമൺ കിണർ
- നിറവ്യത്യാസവും കട്ടികൂടിയെ വെള്ളവും പ്രശ്നമാകുന്നവർക്കിത് പരിഹാരമാവുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
കൊയിലാണ്ടി: ശുദ്ധജലം പലപ്പോഴും പരിഹരിക്കപ്പെടാത്ത അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പലർക്കും . വെള്ളം ഉണ്ടായിട്ടും അതിന് ഗുണമേന്മയില്ലാത്തതിനാൽ കഷ്ടപ്പെടുന്ന തുരുത്യാട്ട് സുശാന്തിന് തുണയായത് മലപ്പുറം തവനൂരിലെ രാജൻ്റെ കളിമൺ കിണർ എന്ന പുതു വഴി. ചെങ്കല്ല്, സിമന്റ്, കമ്പി തുടങ്ങിയവ ഇല്ലാതെയാണ് നിർമ്മിതി. കളിമണ്ണ് യന്ത്രത്തിൽ അരച്ച് പാകപ്പെടുത്തി ശേഷം റിംഗ് ഉണ്ടാക്കി ചുട്ടെടുക്കുകയാണ് നിർമ്മാണരീതി. മൂന്നു ദിവസം ചൂളയിൽ കിടന്ന് പാകമായതിന് ശേഷമാണ് നിർമ്മാണത്തിനുപയോഗിക്കുക. പൂർണമായും പരിസ്ഥിതിയോടിണങ്ങിയുള്ളതാണ് നിർമാണം. നിറവ്യത്യാസവും കട്ടികൂടിയെ വെള്ളവും പ്രശ്നമാകുന്നവർക്കിത് പരിഹാരമാവുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
റിംഗുകൾക്ക് ചുറ്റുമായി ബേബി മെറ്റൽ നിറയ്ക്കും. അടിയിലെ റിംഗിന് ചുറ്റുമായി ചിരട്ടക്കരിയും വിരിക്കും. റിംഗുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് കളിമണ്ണുകൊണ്ടാണ്. ഇത്തരം കിണറിലൂടെ കട്ടിയില്ലാത്ത തണുത്ത വെള്ളമാണ് ലഭിച്ചത്.
മെറ്റലും കളിമണ്ണും കടന്നു വരുന്ന ഉറവ പൂർണ്ണമായും ഫിൽട്ടർ ചെയ്ത വെള്ളത്തിന് തുല്യമാണ്. നേരിട്ട് കിണറിൽ തന്നെ ശുദ്ധീകരിച്ച വെള്ളം എത്തുന്ന കൗതുകവും ഇതിനുണ്ട്. സ്ഥല പരിമിതി ഉള്ളവർക്കും ഈ കിണർ നിർമിക്കാൻ കഴിയുമെന്നാണ് കിണർ കമ്പനിയുടെ ഉടമ രാജൻ തവനൂർ പറയുന്നത്. 75.000 രൂപയാണ് കിണറിന്റെ വില. ആവശ്യക്കാർക്ക് സൗകര്യമുള്ള വ്യാസത്തിൽ കിണർ കുഴിക്കാൻ കഴിയും. അഞ്ച് വ്യത്യസ്ഥ വ്യാസമുള്ള കളിമൺ കിണറുകളാണ് ഇവർ രൂപകല്പന ചെയ്തിരിക്കുന്നത്.