ദുരിതമയം വൈകീട്ടത്തെ തീവണ്ടിയാത്ര

ദുരിതമയം വൈകീട്ടത്തെ തീവണ്ടിയാത്ര

  • നേത്രാവതി എക്‌സ്പ്രസിലെ സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ സീസൺ ടിക്കറ്റുകാർ കയറുന്നത് പൂർണമായും ഒഴിവാക്കി

കോഴിക്കോട്: നേത്രാവതി എക്‌സ്പ്രസിലെ സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ സീസൺ ടിക്കറ്റുകാർ കയറുന്നത് പൂർണമായും ഒഴിവാക്കിയതോടെ വൈകീട്ട് കോഴിക്കോട്ടുനിന്ന് വടകര ഭാഗത്തേക്കുള്ള തീവണ്ടിയാത്ര ദുരിതമയമാകുന്നു.
വൈകീട്ട് അഞ്ചുമണിയുടെ പരശുരാം എക്സ്പ്രസ് കഴിഞ്ഞാൽ പിന്നെയുള്ളതാണ് 5.10-ന്റെ നേത്രാവതി എക്‌സ്പ്രസ്. രണ്ട് ജനറൽ കോച്ചുകൾമാത്രമുള്ള ട്രെയിനിൽ ഒരു കോച്ചിൻ്റെ പകുതി ആർ.എം.എസിനായി വിട്ടുനൽകിയതോടെ ഒന്നരക്കോച്ച് മാത്രമാണ് ഫലത്തിലുള്ളത്. നേത്രാവതി എക്സ്പ്രസിൽ കയറിപ്പറ്റാൻ കഴിഞ്ഞില്ലെങ്കിൽ കണ്ണൂരിനപ്പുറം പോകുന്നവർക്ക് പിന്നെ വണ്ടിയുള്ളത് രാത്രി 1.15-നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ്. കണ്ണൂർവരെ പോകുന്നവർ 6.15 വരെ കാത്തിരിക്കണം.
നാലുമണിക്ക് കോഴിക്കോട് എത്തുന്ന പരശുറാം എക്സ്പ്രസ് നിർത്തിയിട്ട് 5 മണിക്കാണ് കോഴിക്കോട് നിന്ന് എടുക്കുന്നത്. അതുകൊണ്ടുതന്നെ അഞ്ചുമണിക്ക് ഓഫീസ് കഴിയുന്ന യാത്രക്കാർക്ക് ഏക ആശ്രയം പിന്നീടുള്ള നേത്രാവതി എക്സ്പ്രസ് ആണ്. എന്നാൽ ഈ ട്രെയിനിൽ കോഴിക്കോട്ടുനിന്ന് കാൽ വെക്കാൻ പോലും സ്ഥലമുണ്ടാകില്ല. ഇതോടെ സീസൺ ടിക്കറ്റുകാർ സ്ലീപ്പർ കോച്ചുകളിൽ കയറുന്നതാണ് പതിവ്. എന്നാൽ, ആർ.പി.എഫ്. സീസൺ ടിക്കറ്റുകാരെയും ജനറൽ ടിക്കറ്റുകാരെയും പൂർണമായും സ്ലീപ്പർ കോച്ചുകളിൽനിന്ന് ഒഴിപ്പിക്കുകയാണ്.
6.15-നുള്ള കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറാണ് പിന്നെ ആശ്രയം. ഇതിലും തിരക്കേറിത്തുടങ്ങി. രാത്രി 9.32-ന് കോഴിക്കോട്ടെത്തുന്ന എക്‌സിക്യുട്ടീവ് എക്സ്പ്രസും കണ്ണൂർവരെമാത്രമേ ഉള്ളൂ..
6.15-നുശേഷം കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് ഒരു മെമു എക്സ്പ്രസ് അനുവദിച്ചാൽ കോഴിക്കോട്ടുമുതൽ മംഗളൂരുവരെയുള്ള യാത്രക്കാർക്ക് ഏറെ ഉപകാരമാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )