നല്ല വസ്ത്രങ്ങൾ സൗജന്യമായി ആവശ്യക്കാരിലേക്ക് ;നന്മയുടെ വെളിച്ചെവുമായി അധ്യാപക ദമ്പതികൾ

നല്ല വസ്ത്രങ്ങൾ സൗജന്യമായി ആവശ്യക്കാരിലേക്ക് ;നന്മയുടെ വെളിച്ചെവുമായി അധ്യാപക ദമ്പതികൾ

  • ഏതൊരാൾക്കും ഡ്രസ് ബാങ്കിൽ വന്ന് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഇവ തികച്ചും സൗജന്യമാണ്

കൊടുവള്ളി: ഉപയോഗ ശൂന്യമായി കിടക്കുന്ന നല്ല വസ്ത്രങ്ങൾ എല്ലാവരുടെയും വീടുകളിൽ ഉണ്ടാവും. ആ വസ്ത്രങ്ങൾ ആവശ്യക്കാരിലെത്തിക്കാൻ അവസരമൊരുക്കുകയാണ് എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപ കൻ കാഞ്ഞിരമുക്ക് നടുക്കണ്ടിയിൽ അബ്ദുൽ സലാമും ഭാര്യയും താമരശ്ശേരി കെടവൂർ എംഎംഎൽപി സ്കൂൾ പ്രധാനാധ്യാപികയുമായ ദിൽഷയും.

ഇതിനായി നരിക്കുനി-കൊടുവള്ളി റോഡിൽ എളേറ്റിൽ കാഞ്ഞിര മുക്കിൽ കടമുറി വാടകയെടുത്ത് ‘പർവീൺസ് ഡ്രസ് ബാങ്ക്’ തുടങ്ങി. ലളിതമായ ചടങ്ങിൽ എളേറ്റിൽ ഹോസ്പിറ്റൽ എംഡി സലീം ഡ്രസ് ബാങ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

നല്ല വസ്ത്രങ്ങൾ ധരിക്കാൻ ബുദ്ധിമുട്ടുന്ന ഒട്ടേറെപ്പേരുടെ വിഷമങ്ങൾ കണ്ടറിഞ്ഞാണ് ഈ അധ്യാപകദമ്പതിമാർ അവരുടെ മനസ്സിലുദിച്ച ആശയം പ്രാവർത്തികമാക്കിയത്.

വസ്ത്രങ്ങൾ നൽകാനാഗ്രഹിക്കുന്നവർ വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന വസ്ത്രങ്ങൾ അലക്കിത്തേച്ച് ഡ്രസ് ബാങ്കിൽ നൽകണം. ഇങ്ങനെ ലഭിക്കുന്ന വസ്ത്രങ്ങൾ ടെക്സ്റ്റൈൽ ഷോപ്പിലെന്നപോലെ ഭംഗിയായി ഡ്രസ് ബാങ്കിൽ അടുക്കിവെക്കും. ഏതൊരാൾക്കും ഡ്രസ് ബാങ്കിൽ വന്ന് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഇവ തികച്ചും സൗജന്യമാണ്.

ഉപയോഗിക്കാത്ത പുതിയ തുണിത്തരങ്ങൾ ധാരാളമായി ലഭിക്കുന്നുണ്ടെന്നും ഈ സംരംഭത്തിന് ആളുകളിൽനിന്ന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കു ന്നതെന്നും ദിൽഷ പറഞ്ഞു.

പെരുന്നാൾ, വിഷു എന്നിവ പ്രമാണിച്ച് എല്ലാ ദിവസവും ഡ്രസ് ബാങ്ക് തുറന്നു പ്രവർത്തിക്കുമെന്നും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് നാലുമുതൽ ആറുവരെയായിരിക്കും പ്രവർത്തനസമയമെന്നും അബ്ദുൽ സലാം പറഞ്ഞു. ഫോൺ: 9946568081

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )