
നിപ; മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു
- ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി
മഞ്ചേരി: മലപ്പുറം ജില്ലയിൽ നിപാബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തുറന്നു. വെന്റിലേറ്റർ സൗകര്യത്തോടെ 30 കിടക്കകളും ഒരുക്കിയിട്ടുണ്ട്. നിപാ ബാധിച്ച് മരിച്ച യുവാവിൻ്റെ ബന്ധുക്കളായ 10 പേർ ഇവിടെ നിരീക്ഷണത്തിലാണ്. പേവാർഡ് ബ്ലോക്കാണ് ഐസൊലേഷൻ വാർഡാക്കിയത്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മാറ്റി. ലക്ഷണങ്ങളുമായി ചികിത്സതേടുന്നവരെ നിരീക്ഷിക്കാനും സ്രവം പരിശോധിക്കാനും ട്രയേജ് സംവിധാനം ഒരുക്കി.
നിപാ സാന്നിധ്യമുണ്ടായ മേഖലയിൽനിന്ന് എത്തുന്നവരെയും മരിച്ച യുവാവുമായി രണ്ടാം സമ്പർക്കത്തിലുള്ളവരെയും പരിചരിക്കുന്നതിനാണ് ട്രയേജ് സംവിധാനം ഏർപ്പെടുത്തിയത്. രോഗിക്കൊപ്പം ഒരു കൂട്ടിരിപ്പുകാരനേ അനുവദിക്കൂ. പാസ് മുഖേന ഒരുമണിക്കൂറാണ് സന്ദർശന സമയം.