
നിയമസഭാ തിരഞ്ഞെടുപ്പ്;പിണറായി വിജയനും, എ വിജയരാഘവനും മത്സരിക്കുന്നതിൽ നാളെ തീരുമാനം
- ഡൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോയോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക.
ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും, എ വിജയരാഘവനും മത്സരിക്കുന്നതിൽ നാളെ തീരുമാനം ഉണ്ടായേക്കും. ഡൽഹിയിൽ ചേരുന്ന പൊളിറ്റ് ബ്യൂറോയോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുക. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ചുരുങ്ങിയത് നാല് അംഗങ്ങൾ എങ്കിലും മത്സരിച്ചേക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.

തുടർ ഭരണം എന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇടതുമുന്നണിയെ നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയതാണ്. പിണറായി വിജയൻ സ്വയം ഒഴിയുന്നില്ലെങ്കിൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കാര്യം ഏറെ കുറെ ഉറപ്പാണ്. രണ്ടാമത് ഒരു പൊളിറ്റ് ബ്യുറോ അംഗം കൂടി മത്സരിക്കാൻ തീരുമാനിച്ചാൽ എ വിജയരാഘവൻ ജനവിധി തേടാൻ ഇറങ്ങും. വിജയരാഘവനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ മലമ്പുഴ, പൊന്നാനി എന്നീ മണ്ഡലങ്ങളിൽ ഒന്നിലാകും ജനവിധി തേടുക.
