
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുസ്ലിം ലീഗ്
- യുവ നേതാക്കളെ കളത്തിലിറക്കാനും സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും ലീഗ് നീക്കം നടത്തുന്നുണ്ട്.
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ച സജീവമാക്കി മുസ്ലിം ലീഗ്. ജയസാധ്യത നോക്കി സീറ്റുകൾ വെച്ചുമാറാനാണ് നീക്കം. ഗുരുവായൂർ കോൺഗ്രസിന് നൽകി പട്ടാമ്പി സീറ്റ് ലീഗ് ആവശ്യപ്പെട്ടേക്കും. തിരുവമ്പാടി, കുന്ദമംഗലം സീറ്റുകളിൽ ലീഗിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.അതിനാൽ തന്നെ കുന്ദമംഗലം, തിരുവമ്പാടി സീറ്റുകളും വെച്ചുമാറാൻ ആലോചനയുണ്ട്.പ്രധാന നേതാക്കൾക്ക് മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് നൽകുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. പി കെ ബഷീർ, കെ പി എ മജീദ്, എൻ ഷംസുദ്ദീൻ, മഞ്ഞളാംകുഴി അലി എന്നിവർ മൂന്ന് ടേം വ്യവസ്ഥ പൂർത്തിയാക്കിയവരാണ്.യുവ നേതാക്കളെ കളത്തിലിറക്കാനും സർപ്രൈസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും ലീഗ് നീക്കം നടത്തുന്നുണ്ട്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ താനൂരിലും യൂത്ത് ലീഗ് നേതാക്കളായ മുജീബ് കാടേരിയെയും ഫൈസൽ ബാബുവിനെയും മലപ്പുറത്തും പരിഗണിക്കുന്നുണ്ട്. മഞ്ചേരിയിൽ ടി പി അഷ്റഫ് അലിയുടെ പേര് പരിഗണനയിലുണ്ട്.

റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പിപി ക കുഞ്ഞാലിക്കുട്ടി വേങ്ങര വിട്ട് മലപ്പുറത്ത് മത്സരിച്ചേക്കുമെന്ന ചർച്ചകളും സജീവമാണ്.മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, മുഹമ്മദ് ഷാ എന്നിവരും മത്സരിച്ചേക്കും. കോഴിക്കോട് സൗത്തിൽ എം കെ മുനീർ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് കൊടുവള്ളിയിലും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി കാസർകോടും പരിഗണനയിലുണ്ട്. വള്ളിക്കുന്ന് മണ്ഡലത്തിലെ എംഎൽഎയായ പി അബ്ദുൾ ഹമീദ് മഞ്ചേരിയിൽ മത്സരിക്കാനും സാധ്യതയുണ്ട്.
