
നിറം മങ്ങുന്ന മിഠായിത്തെരുവ്
- മധുരത്തെരുവിനെ ചാമ്പലാക്കിയ ആറ് തീപ്പിടിത്തങ്ങൾ മുന്നിലുണ്ടായിട്ടും ഇപ്പോഴും മിഠായിത്തെരുവിൻ്റെ പലഭാഗത്തും സുരക്ഷയുടെകാര്യത്തിൽ എല്ലാം പഴയപടിതന്നെയാണ്.
കോഴിക്കോട് : മൊയ്‌തീൻപള്ളി റോഡിൽ ഒരു ചെറിയ തീപ്പൊരിയുണ്ടായാൽ മതി. വലിയ ദുരന്തമായി മാറാൻ. കടകൾ തിങ്ങിനിറഞ്ഞ, ആൾക്കൂട്ടം വന്നുനിറഞ്ഞുകൊണ്ടിരിക്കുന്ന ഈ തെരുവിലെ കടകൾക്ക് മുന്നിലെ ഇലക്ട്രിക് പോസ്റ്റുകളിൽ കിളികൾ കൂടുവെച്ചപോലെ കൂടിപ്പിണഞ്ഞുകിടക്കുകയാണ് ഇലക്ട്രിക് വയറുകൾ. ഈ വയറുകളോട് ചേർന്നുതന്നെയാണ് ഫ്യൂസുകളുമുള്ളത്. മഴപെയ്ത് ഫ്യൂസ് നനഞ്ഞാൽ ചിലപ്പോൾ ഷോട് സർക്കിറ്റിനുവരെ കാരണമായേക്കാം. മധുരത്തെരുവിനെ ചാമ്പലാക്കിയ ആറ് തീപ്പിടിത്തങ്ങൾ മുന്നിലുണ്ടായിട്ടും ഇപ്പോഴും മിഠായിത്തെരുവിൻ്റെ പലഭാഗത്തും സുരക്ഷയുടെകാര്യത്തിൽ എല്ലാം പഴയപടിതന്നെയാണ്.
മിഠായിത്തെരുവിൽ എസ്.കെ. ചത്വരം മുതൽ മേലേപ്പാളയംവരെയുള്ള ഭാഗത്തുമാത്രമാണ് വൈദ്യുതി ഭൂഗർഭകേബിൾ വഴിയാക്കിയത്. പക്ഷേ, മിഠായിത്തെരുവിനോട് ചേർന്നുകിടക്കുന്ന മൊയ്തീൻപള്ളി റോഡിലും കോർട്ട് റോഡിലുമെല്ലാം വൈദ്യുതി കണക്ഷൻ സുരക്ഷിതമായ രീതിയിലല്ല. ഭാവിയിൽ കോർട്ട് റോഡിലും മൊയ്‌തീൻപള്ളിറോഡിലും ഭൂഗർഭകേബിളിലേക്ക് മാറ്റുമെന്ന് നവീകരിക്കുന്നസമയത്ത് പറഞ്ഞിരുന്നു. പക്ഷേ, അതിനുള്ള തുടർനടപടികൾ ഉണ്ടായില്ല. മൊയ്തീൻപള്ളി റോഡാണ് മിഠായിത്തെരുവിൽ ഏറ്റവും കടകൾ നിറഞ്ഞതും ഇടുങ്ങിയ സ്ഥലവും. ഫയർഫോഴ്സിന്റെ വാഹനത്തിനുപോലും കടന്നുപോകാൻ കഴിയാത്ത ഇടുങ്ങിയവഴികളാണ് മൊയ്തീൻപള്ളി റോഡിലുള്ളത്. ചിലയിടത്തൊക്കെ പുതിയ കെട്ടിടങ്ങൾ നിർമിച്ച് വഴികളില്ലാതാക്കിയിട്ടുണ്ട്. 2017-ൽ തീപ്പിടുത്തമുണ്ടായപ്പോഴാണ് മിഠായിത്തെരുവിൽ കൂടുതൽ സുരക്ഷയൊരുക്കിയതും സൗന്ദര്യവത്കരിച്ചതും. പക്ഷേ, അതിന്റെ തുടർച്ചയുണ്ടായില്ല.
