
നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടി അഭിനവ്
- തന്റെ വിജയത്തിനു കാരണം ചിട്ടയായ പഠനവും പരിശീലനവുമാണ് എന്ന് അഭിനവ് സുനിൽ പ്രസാദ് പറഞ്ഞു
കോഴിക്കോട് : നീറ്റ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അഭിനവ് സുനിൽ പ്രസാദ് ചേവരമ്പലം സ്വദേശിയാണ്. ചേവരമ്പലം ഹൈറൈസ് വില്ല ‘അഭിരാമ’ത്തിൽ ഇത് അഭിമാനത്തിന്റെ നിമിഷം. ദുബായിൽ ഡെന്റിസ്റ്റുമാരായ ഡോ. ആർ. സുനിൽ പ്രസാദിന്റെയും ഡോ. വിനീതയുടെയും ഏകമകനാണ് അഭിനവ്. തന്റെ വിജയത്തിനു കാരണം ചിട്ടയായ പഠനവും പരിശീലനവുമാണ് എന്ന് അഭിനവ് സുനിൽ പ്രസാദ് പറഞ്ഞു. പഠിക്കാൻ മിടുക്കനാണ് അഭിനവ്.

അഭിനവിന്റെ ചെറുപ്പം മുതലേയുള്ള ശീലം പഠിപ്പിക്കുന്നത് അതേ ദിവസം തന്നെ പഠിക്കുക എന്നതാണ് . “നീറ്റിനുവേണ്ടി മോക് എക്സാംസ് ധാരാളമായി ചെയ്തു. എൻ.സി.ഇ.ആർ.ടി. ബുക്കുകൾ ശ്രദ്ധയോടെ വായിച്ചു. ഓരോ വിഷയത്തിന്റെയും കുറേയധികം ചോദ്യോത്തരങ്ങൾ എഴുതിപ്പഠിച്ചു” -തന്റെ വിജയരഹസ്യം അഭിനവ് വ്യക്തമാക്കുന്നു.

കോഴിക്കോട് ദേവഗിരി പബ്ലിക് സ്കൂളിൽ നിന്ന് പ്ലസ്ടു ബയോമാതസിനു ഫുൾ എ വൺ നേടിയാണ് അഭിനവ് ജയിച്ചത്. പാലാ ബ്രില്യൻ്റ് സ്റ്റഡിസെൻ്ററിൻ്റെ കോഴിക്കോട് കേന്ദ്രത്തിൽ പരിശീലനം നേടിയ അഭിനവ്, ഡൽഹി എയിംസിൽ മെഡിസിനു ചേരാനാണ് ആഗ്രഹിക്കുന്നത്.