
പക്രംതളം ചുരത്തിൽ മാലിന്യം തള്ളി;15000 രൂപ പിഴ അടപ്പിച്ചു
- പിക്കപ് വാഹനത്തിന്റെ ഉടമ കർണാടക സ്വദേശിയായ സയ്യദ് പാഷയിൽ നിന്നാണ് പിഴ ഈടാക്കിയത്
തൊട്ടിൽപാലം: പക്രംതളം ചുരത്തിൽ മാലിന്യം തള്ളിയ ആൾക്ക് പിഴ ഈടാക്കി കാവിലുംപാറ പഞ്ചായത്ത് അധികൃതർ.മാലിന്യം തള്ളിയ വാഹന ഉടമയിൽ നിന്നും 15000 രൂപയാണ് പിഴയായി ഈടാക്കിയത്. പിക്കപ് വാഹനത്തിന്റെ ഉടമ കർണാടക സ്വദേശിയായ സയ്യദ് പാഷയിൽ നിന്നാണ് പിഴ ഈടാക്കിയത്.
ചുരത്തിൽ മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്തും, ചുരം സംരക്ഷണ സമിതിയും, യുവജന സംഘടനകളും കർശന നിരീക്ഷണം നടത്തുന്നുണ്ട്. ഈ സമയത്താണ് കഴിഞ്ഞ ദിവസം വൈകുന്നേരം മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. തുടർന്ന് പഞ്ചായത്ത് അധികൃതരെയും, പൊലീസിനെയും വിവരമറിയിച്ചു. വാഹനം തൊട്ടിൽപാലം പൊലീസ് കസ്‌റ്റഡിയിൽ എടുത്തു.

പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. ജോർജ്, മണലിൽ രമേശൻ, സെക്രട്ടറി എൻ.ഷാമില, ഹെൽത്ത് ഇൻസ്പെക്‌ടർ വി.എം.നിജേഷ് എന്നിവർ വാഹനവും മാലിന്യവും പരിശോധന നടത്തി പിഴ ചുമത്തി നോട്ടിസ് നൽകി അടപ്പിച്ചു. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.