പക്രന്തളം ചുരത്തിൽ അപകടങ്ങൾ പതിവ് കാഴ്ച

പക്രന്തളം ചുരത്തിൽ അപകടങ്ങൾ പതിവ് കാഴ്ച

  • അധികാരികൾ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പരാതി

കുറ്റ്യാടി: പക്രന്തളം ചുരം പരിസരങ്ങളിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ചുരം വളവുകളിലും സമീപ പ്രദേശങ്ങളിലും അപകടം തുടരുമ്പോൾ കാര്യമായ നടപടികൾ അധികാരികൾ സ്വീകരിക്കുന്നില്ലെന്ന പരാതി ഉയരുന്നു.

ചുരമിറങ്ങുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്. പക്രന്തളം മുതൽ പൂതംപാറ വരെയാണ് ചുരം. എന്നാൽ ചുരം കഴിഞ്ഞും കിലോമീറ്ററുകളോളം ഇറക്കമുണ്ട്. മൂന്നു മാസത്തിനിടയിൽ ഒമ്പത് അപകടങ്ങളാണ് ചുരം റോഡുൾപ്പെടെയുള്ള മേഖലയിലുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടതിനാൽ വ്യാഴാഴ്ച നടന്ന അപകടത്തിലും രണ്ടു പേർക്ക് പരിക്കേറ്റു. ഇതോടെ അപകടങ്ങൾ തടയാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തരമായി നടപടികൾ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഫെബ്രുവരി 17-ന് പത്താം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർക്ക് പരിക്കേറ്റിരുന്നു. ഫെബ്രുവരി 18-ന് ഒന്നാം വളവിലും വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. മുളവട്ടം ഭാഗത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കുപറ്റി. ഈ അപകടത്തിന് പിന്നാലെയാണ് പത്താം വളവിൽ പിക്കപ്പ് വാൻ കാറുമായി കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് ഉൾപ്പെടെ കുടുങ്ങിക്കിടന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കു അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നവരുമുണ്ട്.

അതേ സമയം ചുരത്തിൽ അപകടങ്ങൾ തുടർക്കഥയാണെന്ന പരാതിയെത്തുടർന്ന് കഴിഞ്ഞ ജൂണിൽ മോട്ടോർ വാഹന വകു പ്പ് അധികൃതർ ചുരം സന്ദർശിച്ചിരുന്നു. അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ നാട്ടുകാരോടും ജനപ്രതിനിധികളോടും ചോദിച്ചറിയുകയും ചെയ്തിരുന്നു. അപകടങ്ങൾ പതിവാകുന്ന സാഹചര്യം കണക്കിലെടുത്തുകൊണ്ട് സൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഒന്നാംവളവ്, മുളവട്ടം എന്നിവിടങ്ങളിലായി രണ്ട് അപകട സൂചനാ ബോർഡുകൾ മാത്രമാണുള്ളത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )