
പട്ടയത്തിന്റെ പകർപ്പ് വേണമെങ്കിൽ പട്ടികടിക്കാതെ നോക്കണം
- രേഖ തിരയാൻ എത്തുന്നവർക്ക് ദുരിതം.
- താലൂക്ക് ഓഫീസ് കത്തിനശിച്ച ശേഷം ഈ ബിൽഡിങ് പരിസരമെല്ലാം കാടുമൂടിക്കിടക്കുകയാണ്.
വടകര : വടകര താലൂക്ക് ഓഫീസിന്റെ പുറകിലൊരു കെട്ടിടമുണ്ട്. കാടുമൂടിക്കിടക്കുന്ന ആളുകളെ ഭയപ്പെടുത്തുന്ന ഇരുനില കോൺക്രീറ്റ് കെട്ടിടം. ഇതിനുള്ളിൽ സൂക്ഷിച്ചിട്ടുള്ളത് പട്ടയം സംബന്ധിച്ച ആയിരക്കണക്കിന് രേഖകൾ. അതും ഒരു സുരക്ഷയുമില്ലാത്ത രീതിയിൽ. വടകര താലൂക്കിലേയും കൊയിലാണ്ടി താലൂക്കിലേയും പഴയ ലാൻഡ് ട്രിബ്യൂണലുകൾ വിതരണം ചെയ്ത പട്ടയ സംബന്ധമായ രേഖകൾ സൂക്ഷിക്കുന്ന കേന്ദ്രമാണിത്. താലൂക്ക് ഓഫീസ് കത്തി നശിച്ച ശേഷം ഈ ബിൽഡിങ് പരിസരമെല്ലാം കാടുമൂടിക്കിടക്കുകയാണ്. രേഖകൾ സൂക്ഷിച്ച ആശ്വാസകേന്ദ്രം കെട്ടിടത്തിലേക്ക് താലൂക്ക് ഇലക്ഷൻ സെൽ ഓഫീസ് പരിസരം വഴിയാണ് പോകേണ്ടത്. നല്ലൊരുവഴി ഇവിടേക്കില്ല.
പട്ടിയെയും പാമ്പിനെയും മറ്റ് ഇഴജന്തുക്കളെയുമെല്ലാം പേടിച്ചുകൊണ്ട് മാത്രമേ ഇതിനുള്ളിൽ കയറാനാവു. ആഴ്ചയിൽ ഒരു ദിവസം തുറക്കുന്ന ഈ ഓഫീസിനുള്ളിൽ പട്ടയത്തിന്റെ പകർപ്പ് തിരയാനും മറ്റും എത്തുന്നവർ കൈയിൽ ടോർച്ചോ വെളിച്ചത്തിന് മറ്റെന്തെങ്കിലും സംവിധാനമോ കരുതണം. കൂടാതെ കുറച്ച് ധൈര്യവും ആവശ്യമാണ്. ഒന്നാം നിലയിലെ ഹാളിലാണ് റാക്കിലും നിലത്തുമൊക്കെയായി രേഖകളുള്ളത്. ഇതിൽ പൊടിശല്യം അസ്സഹനീയമാണ്. വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ നല്ല ഇരുട്ടും, പിന്നെ അസഹ്യമായ ചൂടും. ഇതിൽക്കിടന്ന് രേഖ തിരയുക എന്നതുതന്നെ വലിയ സാഹസമാ ണ്. രേഖ കിട്ടിയാൽ കിട്ടി. അത്രയും പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ് ഈ ഓഫീസിൻ്റെ ഉള്ളിലുള്ളത്. പ്രധാനമായും തോടന്നൂർ, തൂണേരി, പുറമേരി, വടകര ലാൻഡ് ട്രിബ്യൂണലുകളുടെ രേഖകളാണ് ഇവിടെയുള്ളത്.
കോഴിക്കോട് ലാൻഡ് ട്രിബ്യൂണലിൻ്റെ കീഴിലാണ് ഈ ഓഫീസുള്ളത്. തൊട്ടടുത്തുള്ള താലൂക്ക് ഓഫീസ് തീപിടിച്ച് ആയിരക്കണക്കിന് രേഖകൾ നശിച്ചിരുന്നു. അതിനുശേഷവും ഇവിടത്തെ രേഖകൾ നല്ലരീതിയിൽ സൂക്ഷിക്കാനുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ല. വടകര താലൂക്ക് ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ ഓഫീസ് കല്ലാച്ചിയിൽ പ്രവർത്തിക്കുന്നുണ്ട്. പഴയ മുന്ന് ട്രിബ്യൂണലുകളിലെ രേഖകൾ ഇവിടെയാണുള്ളത്. വടകര താലൂക്കിലെയും രേഖകൾ വടകരയിൽ നിന്ന് കല്ലാച്ചിയിലേക്ക് സുരക്ഷിതമായി മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്.
