
‘പഠനമാണെല്ലാം’-മുജീബിന്റെ സ്നേഹ വിതരണത്തിന് 14 വയസ്
- കൂമ്പാറയിൽ മീൻവിൽപ്പന നടത്തുകയാണ് മുജീബ്
- ശ്രേഷ്ഠമാണ് വിദ്യാഭ്യാസമെന്നും, തന്നെ പ്രേരിപ്പിക്കുന്നത് അതാണെന്നും മുജീബ് പറയുന്നു
തിരുവമ്പാടി: ജീവിതത്തിലെ നല്ല നേരത്ത് നല്ല മനസുമായി വരുമാനത്തിൻ്റെ ഒരുവിഹിതം നിർധനരായ വിദ്യാർഥികൾക്കായി മാറ്റിവെച്ച് ഒരു സാധാരണക്കാരൻ. തന്റെ മനസറിഞ്ഞ സേവനത്തിന് ഈ വർഷം 14 വയസ്സ് പൂർത്തിയാവും.
കൂമ്പാറയിൽ മീൻവിൽപ്പന നടത്തുന്ന അരീക്കോട് തച്ചണ്ണ സ്വദേശി പി.എസ്. മുജീബാണ് എല്ലാവർഷങ്ങളിലും നൂറുകണക്കിന് വിദ്യാർഥികൾക്ക് സൗജന്യമായി പഠനോപകരണം വിതരണം ചെയ്യുന്നത്. ഇത്തവണ ഒന്നര ലക്ഷത്തോളം രൂപയുടെ സ്കൂൾ കിറ്റാണ് നാനൂറോളം വിദ്യാർഥികൾക്കായി വിതരണം ചെയ്തത്. നോട്ടുബുക്ക്, പെൻസിൽ, പേന, റബ്ബർ, റാപ്പർ എന്നിവയെല്ലാം കിറ്റിലുണ്ടാവും .
വിദ്യാഭ്യാസമാണ് സർവപുരോഗതിക്കും കാരണമെന്നും മറ്റെന്തിനെക്കാളും ശ്രേഷ്ഠമാണ് വിദ്യാഭ്യാസമെന്നും,അതാണ് ഇത്തരമൊരു സേവനത്തിന് തന്നെ പ്രേരിപ്പിക്കുന്നതെന്നും മുജീബ് പറയുന്നു. 27 വർഷമായി മുജീബ് കൂമ്പാറയിൽ മീൻ വിൽപ്പന നടത്തുന്നുണ്ട്. മൈമൂനത്താണ് ഭാര്യ. ഹസീന, മുഹ്‌സിന, സന എന്നിവർ മക്കളാണ്.
പഠനോപകരണ കിറ്റ് വിതരണോദ്ഘാടനം ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. അബ്ദുൽ നാസിർ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.
മുഹമ്മദ് ബഷീർ അധ്യക്ഷനായി. ലാൽ മാത്യു, വി.കെ. അബ്ദുൽ സലാം, അഹമ്മദ്കുട്ടി പാലക്കതൊടി, വി. ഇബ്രാഹിം എന്നിവർ സംസാരിച്ചു.