
പണം തട്ടി മുങ്ങിയ പ്രതി ഒമ്പതു വർഷത്തിനുശേഷം അറസ്റ്റിൽ
- മായനാട് ബിസ്മില്ല ഖൈർ വീട്ടിൽ കെ. അർഷാദിനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്:ഫറോക്ക് സ്വദേശിയെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയ കേസിലെ പ്രതി ഒമ്പതു വർഷത്തിനുശേഷം അറസ്റ്റിൽ. മായനാട് ബിസ്മില്ല ഖൈർ വീട്ടിൽ കെ. അർഷാദ് (41)നെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.കേസിനാസ്‌പദമായ സംഭവം 2016ലാണ് നടന്നത് . കർണാടകയിലെ നഞ്ചൻകോടിൽ മുന്തിരിത്തോട്ടം വിൽപനക്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഫറോക്ക് സ്വദേശി കുര്യൻ ജേക്കബിൽനിന്ന് ഇയാൾ 47,75,000 രൂപ പലപ്പോഴായി കൈക്കലാക്കി. കുര്യൻ കേസ് നൽകിയത് അറിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് മുങ്ങി.

തമിഴ്നാട്ടിൽ വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു.ഇന്നലെ ഇയാൾ സഹോദരിയുടെ മൂഴിക്കലിലെ വീട്ടിലെത്തിയെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് എസ്ഐ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ സിപിഒ ബിലാഷ്, അരുൺകുമാർ, സിപിഒമാരായ അരുൺ, സുഭിനി എന്നിവർ ചേർന്ന് വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
CATEGORIES News