
പതിനാലുകാരന് നിപ്പ ലക്ഷണം; സംസ്‌ഥാനത്ത് കനത്ത ജാഗ്രത
- ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു
കോഴിക്കോട്:പതിനാലുകാരനെ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി സമ്പർക്കത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നു. വിവരം ലഭിച്ചത് കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ്.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയെയാണ് ഇന്നലെ നിപ്പ സംശയത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കാണിച്ച ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു.

ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ല. ഐസലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന തുടങ്ങിയവയുണ്ടെങ്കിലും നിലവിൽ പേടിക്കേണ്ട കാര്യമില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നിപ്പ പോസിറ്റീവാണ്. തുടർ പരിശോധനയ്ക്ക് സാംപിൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. തുടർന്ന് ഇത് പുണെ വൈറോളജി ലാബിലേക്ക് അയച്ചുകൊടുക്കും. ഫലം അടുത്തദിവസം തന്നെ അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാർക്ക് പിപിഇ കിറ്റ് നിർബന്ധമാക്കിയിട്ടുണ്ട് . കൂടാതെ ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു.