
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും
- രാഹുലിനു ജർമൻ പൗരത്വമില്ല
കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദിച്ച സംഭവത്തിൽ ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. നിലവിൽ രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. രാഹുൽ തന്നെ മർദിച്ചതിന് പിന്നിൽ അമ്മയുടെയും സഹോദരിയുടെയും പ്രേരണ മാത്രമാണ് കാരണമെന്ന് പെൺകുട്ടി മൊഴി നൽകിയത്.
അതേസമയം രാഹുല്‍ ജര്‍മന്‍ പൗരനാണെന്ന ഉഷാകുമാരിയുടെ വാദം കളവാണെന്ന് പൊലീസ് കണ്ടെത്തി. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു പോലിസ് പറഞ്ഞു. രാഹുല്‍ ജര്‍മനിയില്‍ എത്തിയതായി വിഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാഹുലിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.