
പന്തീരാങ്കാവ് ഗാർഹിക പീഡനം; കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി
- കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു
കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി. കൗൺസിലറുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന രാഹുലിൻ്റെ ഹരജിയിലാണ് കോടതിയുടെ നിർദേശം.

പ്രതിക്കുനേരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെങ്കിലും രണ്ടുപേരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോടതി തടസ്സം നിൽക്കില്ലെന്ന് ജസ്റ്റിസ് എ ബദറുദീൻ പറഞ്ഞു. ആരുടെയും നിർബന്ധത്തിലല്ല താൻ പരാതി പിൻവലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചും വിളിച്ചു ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു. കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് താൻ പരാതി നൽകിയതെന്നും തന്നെയാരും മർദ്ദിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. ഇരുവരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തടസ്സം നിൽക്കില്ലെന്നും വ്യക്തമാക്കി.