
പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രി;പുതിയ കെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ ഭരണാനുമതി
- ദിവസവും 400-ഓളം രോഗികൾ ചികിത്സയെത്തുന്നുണ്ട്. 10 കിടക്കകളോടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള ഈ ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിന് സർക്കാരിലേക്ക് ആശ്യപ്പെട്ടിരിക്കയാണ്.
നരിക്കുനി: പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിയുടെ പുതിയകെട്ടിടം പണിയുന്നതിന് 1.5 കോടി രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി എം.കെ. മുനീർ എംഎൽഎ 2023-’24 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിരുന്ന ആശുപത്രിക്കെട്ടിട നിർമാണ പ്രവൃത്തിക്കാവശ്യമായ മാസ്റ്റർപ്ലാൻ തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും എംഎൽഎ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് വിഭാവനം ചെയ്തിട്ടുള്ളത്. കൊടുവള്ളി, തിരുവമ്പാടി, കുന്ദമംഗലം നിയോജക മണ്ഡലങ്ങളിലെ ഒട്ടേറെ ജനങ്ങൾ ഇവിടെ ചികിത്സയ്ക്കുവേണ്ടി ആശ്രയിക്കുന്നു. ദിവസവും 400-ഓളം രോഗികൾ ചികിത്സയെത്തുന്നുണ്ട്. 10 കിടക്കകളോടെ കിടത്തിച്ചികിത്സാ സൗകര്യമുള്ള ഈ ആശുപത്രി 30 കിടക്കകളുള്ള ആശുപത്രിയാക്കുന്നതിന് സർക്കാരിലേക്ക് ആശ്യപ്പെട്ടിരിക്കയാണ്. ആശുപത്രി പരിസരത്ത് എംഎൽഎ ഫണ്ട് ഉപയോഗിച്ച് ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട് .
ഭരണാനുമതി ലഭിച്ച പ്രവൃത്തി പൂർത്തിയായ ശേഷം, വിഭാവനം ചെയ്ത കെട്ടിട നിർമാണത്തിന് ബാക്കി പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നാഷണൽ ആയുഷ് മിഷൻ മുഖേന രണ്ടുകോടി രൂപ കൂടി അനുവദിക്കുന്നതിന് സർക്കാരിനോട് എംഎൽഎ ആവിശ്യപ്പെട്ടു.