
പാരീസ് ഒളിമ്പിക്സിന് ഇന്ന് സമാപനം; സ്വർണ്ണമില്ലാതെ ഇന്ത്യ
- ആറ് മെഡലുകളോടെ ഇന്ത്യ 71ാം സ്ഥാനക്കാരായാണ് മടക്കം
പാരീസ്: പാരീസ് ഒളിംപിക്‌സിന്ന് ഇന്ന് കൊടിയിറങ്ങുമ്പോൾ, 117 അംഗ ടീമുമായി പോയ ഇന്ത്യയുടെ ആകെയുള്ള പ്രകടനം പരിശോധിച്ചാൽ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം
ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. എന്നാല്‍ ആറ് മെഡലുകളോടെ ഇന്ത്യ 71ാം സ്ഥാനക്കാരായാണ് പാരീസില്‍ നിന്ന് മടങ്ങുന്നത്. അഞ്ച് വെങ്കല മെഡലുകളും ഒരു വെള്ളിയുമാണ് ഇന്ത്യയുടെ സമ്പാദ്യം.
നീരജ് ചോപ്ര ജാവലിൻ ത്രോയിൽ വെള്ളി നേടിയതാണ് ഏക വെള്ളി മെഡൽ നേട്ടം. മൂന്ന് വെങ്കലമെഡലുകൾ ഷൂട്ടിങ്ങിൽ നിന്നാണ്. ഗുസ്തിയിൽ നിന്നും ഹോക്കിയിൽ നിന്നും ഓരോ വെങ്കലം നേടി.
ഗുസ്തി ഫൈനലിന് മുമ്പായി നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടിയതിന്റെ പേരിലാണ് വിനേഷ് ഫോഗട്ട് ഒളിമ്പിക്സില്‍ നിന്നുതന്നെ അയോഗ്യയാക്കപ്പെട്ടത്. വനിതകളുടെ 50 കി.ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് അയോഗ്യയായത്. വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ ഇന്ന് രാത്രി 9.30-നുള്ളിൽ കോടതിയുടെ തീരുമാനമുണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ട്

മനു ഭാക്കറാണ് പാരീസിൽ ഇന്ത്യയ്ക്കായി ആദ്യ മെഡൽ നേടിയത്. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഭാക്കർ വെങ്കലം നേടി. പിന്നാലെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ഇനത്തിൽ മനു ഭാക്കർ-സരബ്ജോത് സിങ് സഖ്യം വെങ്കലം നേടി. ഷൂട്ടിങ്ങിൽ മൂന്നാമത്തെ മെഡൽ നേടിയത് സ്വപ്നിൽ കുശാലെയാണ്. പുരുഷൻമാരുടെ 50മീറ്റർ റൈഫിൾ 3 പൊസിഷനിൽ താരം വെങ്കലം നേടി. ഹോക്കിയിലും ഇന്ത്യൻ ടീം വെങ്കലം നേടി. പുരുഷൻമാരുടെ ഗുസ്തിയിൽ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം വിഭാഗത്തിൽ അമൻ ഷെറാവത്തും വെങ്കലം നേടിയതോടെ പാരിസിൽ ഇന്ത്യ അഞ്ച് വെങ്കലം നേടി. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളിമെഡലും സ്വന്തമാക്കി.