
പാലക്കാട്ടേക്ക് പ്രചാരണത്തിനില്ല – സന്ദീപ് വാര്യർ
- വേദിയിൽ സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപ്പോകുന്ന ആൾ അല്ല താൻ
പാലക്കാട്: പാലക്കാട്ടേക്ക് പ്രചാരണത്തിനില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. കുറച്ച് ദിവസങ്ങളായി മാനസിക സമ്മർദ്ദത്തിലാണെന്നും തന്നെ ആശ്വസിപ്പിക്കാൻ മുതിർന്ന നേതാക്കൾ ആരെങ്കിലുമൊക്കെ ശ്രമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എന്നാൽ ആ പ്രതീക്ഷ നഷ്ടപ്പെട്ടതുകൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റെന്നും സന്ദീപ് വാര്യർ കുറിച്ചു.പാലക്കാട് നിയമസഭ പ്രചാരണത്തിലെ സന്ദീപ് വാര്യരുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വേദിയിൽ സീറ്റ് കിട്ടാത്തതിനാൽ പിണങ്ങിപ്പോകുന്ന ആൾ അല്ല താൻ. ചില മാനസിക പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. അതൊരു സത്യമാണ്. അതു മറച്ചുവെക്കാൻ സാധിക്കില്ല. ഒരു മനുഷ്യൻ്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറ്റവും പരമപ്രധാനമാണെന്നാണ് താൻ വിശ്വസിക്കുന്നത് സന്ദീപ് പറയുന്നു.

സി. കൃഷ്ണകുമാറിന് വിജയാശംസകൾ നേരുന്നുണ്ടെങ്കിലും തന്റെ അമ്മ മരിച്ച സമയത്ത് അദ്ദേഹം വീട്ടിൽ വന്നില്ല എന്നും സന്ദീപ് പറയുന്നു. തനിക്കൊപ്പം യുവമോർച്ചയിൽ പ്രവർത്തിച്ചുവെന്ന കൃഷ്ണകുമാറിൻ്റെ വാദത്തെയും സന്ദീപ് തള്ളി. തങ്ങൾ ഒരിക്കലും യുവമോർച്ചയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും സന്ദീപ് കുറിപ്പിൽ പറയുന്നു.