
പാൽ അണുഗുണ സൂചിക:മിൽമ മലബാർ യൂണിയൻ രാജ്യത്ത് മികച്ചത്
- പാലിലുള്ള സൂക്ഷ്മാണുക്കളെ പരിശോധനാ വിധേയമാക്കി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം നൽകിവരുന്ന അംഗീകാരമാണ് മിൽ മലബാർ മേഖല യൂണിയന് ലഭിച്ചത്.
കോഴിക്കോട്: കോഴിക്കോട് വീണ്ടും ദേശീയ അംഗീകാരം. ഇത്തവണ പാലിന്റെ അണു ഗുണനിലവാരത്തിൽ ഇന്ത്യക്ക് അഭിമാനമാവുകയാണ് മിൽമ മലബാർ മേഖല യൂണിയൻ. പാലിലെ സൂക്ഷ്മാണുക്കളെ പരിശോധനാ വിധേയമാക്കി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം നൽകുന്ന അംഗീകാരമാണ് മലബാർ മേഖല യൂണിയന് ലഭിച്ചത്. ഇതിൽ രാജ്യത്തുതന്നെ ഒന്നാമതാണ് മലബാർ യൂണിയൻ. പാലിന്റെ അണുഗുണ നിലവാരം മെച്ചപ്പെടുന്നത് ക്ഷീര കർഷകർക്കും സംഘങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമാകുന്നതാണ്.
പശുവിൻ പാലിൽ കേടാക്കുന്നതും അല്ലാത്തതുമായ രണ്ടുതരം സൂക്ഷ്മാണുക്കളുണ്ട്. കേടാക്കുന്ന സൂക്ഷ്മാണുക്കൾ നന്നേ കുറവുള്ള പാലിനെയാണ് അണുഗുണ നിലവാരത്തിൽ മികച്ചതായി കണക്കാക്കുന്നത്. എം.ബി. ആർ. പരിശോധനയിലൂടെയാണ് (മിഥൈലൻ ബ്ലൂ റിഡക്ഷൻ ടെസ്റ്റ്) ഇതു കണ്ടെത്തുന്നത്. കേടാക്കുന്ന സൂക്ഷ്മാണുക്കളുടെ എണ്ണം/അളവ് ആണ് പാലിൻ്റെ സംഭരണ/സൂക്ഷിപ്പ് കാലാവധി നിർണയിക്കുന്നത്.
നിലവിൽ മലബാർ മേഖലക്കു കീഴിലുള്ള കോഴിക്കോട് ജില്ലയിലെ പാലിന് 230. മിനിറ്റ് ആണ് സംഭരണ/സൂക്ഷിപ്പ് കാലാവധി. അഞ്ചു മണിക്കൂറിനു മുകളിൽപോലും (300 മിനിറ്റ്) പാൽ പുറത്തുവെച്ചാൽ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് അണുഗുണമേന്മ എത്തിക്കാനുള്ള ശ്രമത്തിലാണ് യൂണിയൻ.
മിൽമയുടെ നേതൃത്വത്തിൽ കർഷകർക്ക് ബോധവത്കരണ ക്ലാസുകളും കന്നുകാലികൾക്കുള്ള പരിചരണവും കൃത്യവും നിർബന്ധവുമാക്കുകയും ജില്ലയിൽ 37 പ്രാഥമിക ക്ഷീര സംഘങ്ങളിൽ ബൾക്ക് മിൽക്ക് ബൂത്ത് കൂളറുകൾ സ്ഥാപിച്ചതും വലിയ മാറ്റത്തിനിടയാക്കി. 1,10,000 ലിറ്റർ പാൽ തണുപ്പിക്കാൻ ശേഷിയുള്ള കൂളറുകളാണ് ഇവ. പാൽ കേടുവരുത്തുന്ന സൂക്ഷ്മാണുക്കളെ നശിപ്പിക്കാൻ കൂളറുകൾക്ക് കഴിയുന്നു. 10 സംഘങ്ങൾ ഐ.എസ്.ഒ. നിലവാരം ഉറപ്പുവരുത്തുന്ന ലാബുകളുമുണ്ട്.
തൊഴുത്തിന്റെ ശുചിത്വം, കറവക്കാരന്റെ ശുചിത്വം, പാൽ അരിച്ചുകൊണ്ടുവരുക, കറവയുടെ തൊട്ടുമുമ്പ് പശുവിനെ കുളിപ്പിക്കാതിരിക്കുക, എന്നിവക്കെല്ലാം പ്രാധാന്യം കൊടുത്തത് കാര്യക്ഷമത വർധിപ്പിച്ചു. കറവയുടെ സമയത്ത് പൊടിത്തീറ്റ നൽകാതിരിക്കുക എന്നിങ്ങനെ ചെറിയ കാര്യങ്ങളിൽപോലും വലിയ ശ്രദ്ധവെക്കാനുള്ള നിർദ്ദേശവും നൽകി. കൊണ്ടുവരുന്ന സമയത്തു തന്നെ പരിശോധന നടത്തി പാലെടുക്കുന്ന സംവിധാനവും കർശനമാക്കിയത് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്.
പാലിൽ ഗുണനില വാരമില്ലെന്നു തോന്നിയാൽ പാൽ തിരിച്ചയക്കുന്ന രീതിയിലേക്ക് സംഘങ്ങൾ മാറി. രണ്ടു കറവ തമ്മിലെ ഇടവേള 12 – മണിക്കൂർ എന്ന രീതിയിൽ സംഘങ്ങളിലെ പാൽശേഖരണം ക്രമീകരിച്ചു. പശുക്കൾ ഭക്ഷണം കഴിച്ചുകഴിഞ്ഞ് തികട്ടിയരക്കാനുള്ള സമയവും കൂടി കൊടുത്താലേ ഗുണനിലവാരമുള്ള പാൽ കിട്ടുകയുള്ളൂ വെന്നതിനാൽ കർഷകർ കറവയുടെ സമയവും ക്രമീകരിച്ചതോടെയാണ് ഗുണനിലവാരം കൂടിയത്.