
പി.എഫ് തുക എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം
- ബാങ്കിംഗ് സേവനത്തിന് സമാനമായാകും പുതിയ പതിപ്പിന്റെ പ്രവർത്തനം
ന്യൂഡൽഹി :ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ൻ്റെ പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 എത്തുന്നു. പുതിയ പതിപ്പ് തയാറാകുന്നതായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പ്രഖ്യാപിച്ചത്. ഫണ്ട് മാനേജ്മെന്റ് കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിലാണ് പുതിയ പതിപ്പിന്റെ രൂപകൽപ്പന.ഇപിഎഫ്ഒ യുടെ പ്രവർത്തനം ബാങ്ക് പോലെയാകും, സേവനങ്ങൾ വേഗത്തിൽ ലഭ്യമാകും, എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാം, എപ്പോൾ വേണമെങ്കിലും ഫണ്ട് പിൻവലിക്കാനുള്ള സൗകര്യം, വിരമിച്ചവർക്കായി മെച്ചപ്പെടുത്തിയ സൗകര്യങ്ങൾ എന്നിവയാണ് പുതിയ പതിപ്പിന്റെ സവിശേഷതകൾ.എടിഎമ്മുകളിൽ നിന്ന് നേരിട്ട് പ്രൊവിഡന്റ് ഫണ്ട് പിൻവലിക്കാൻ സാധിക്കും. ഇതിലൂടെ ഇപിഎഫ്ഒ ഓഫീസുകൾ സന്ദർശിക്കേണ്ട സാഹചര്യം ഒഴിവാകും.

ബാങ്കിംഗ് സേവനത്തിന് സമാനമായാകും പുതിയ പതിപ്പിന്റെ പ്രവർത്തനം. യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യു.എ.എൻ) ഉപയോഗിച്ച് പെൻഷൻകാർക്ക് ഏത് ബാങ്കിൽ നിന്നും പണം പിൻവലിക്കാനുള്ള സാഹചര്യം ലഭിക്കും. ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും തടസമില്ലാതെയും നടത്താൻ സാധിക്കും.