
പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി
- സങ്കേതം ഹോട്ടലുടമ ദേവദാസിൽനിന്ന് ഇതിന് മുൻപും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടന്ന് യുവതി പറഞ്ഞു
മുക്കം: സ്വകാര്യ ഹോട്ടൽ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഇരയായ യുവതി. സങ്കേതം ഹോട്ടലുടമ ദേവദാസിൽനിന്ന് ഇതിന് മുൻപും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടന്ന് യുവതി പറഞ്ഞു.

പ്രതികൾ വീടിന്റെ വാതിൽ തള്ളിത്തുറന്നാണ് അകത്തുകടന്നത്. മാസ്‌കിങ് ടാപ് ഉൾപ്പെടെ പ്രതികൾ കൈയിൽ കരുതിയെന്നും പ്രതി ദേവദാസ് തന്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും യുവതി പറഞ്ഞു. കൂടാതെ നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ചികിത്സയിലിരിക്കെയും ദേവദാസ് ഭീഷണി സന്ദേശം അയച്ചു. ഹോട്ടലിൽ ജോലി ഇല്ലാത്ത സമയത്തും മദ്യപിച്ചെത്തുന്ന ദേവദാസ് തന്നോട് മോശമായി സംസാരിക്കാറുണ്ടായിരുന്നു. താഴെ വീണതിന് പിന്നാലെ അതുവഴി പോയ ഒരാൾ സംഭവം കണ്ട് സ്ഥലത്തെത്തി. എന്നാൽ, ആ വ്യക്തിയോട് ദേവദാസ് പറഞ്ഞത് ഫോൺ വിളിക്കുമ്പോൾ താഴെവീണതാണെന്നാണ്. പിന്നീട് ആശുപത്രിയിൽ തന്നെ എത്തിക്കുമ്പോഴും ഇവർ കൂടെയുണ്ടായിരുന്നു. ഡോക്‌ടറുടെ സഹായത്തോടെയാണ് ഫോൺ ദേവദാസിൽനിന്ന് തിരിച്ച് വാങ്ങിയതെന്നും ഐസിയുവിൽ കിടക്കുമ്പോഴും തനിക്ക് ഭീഷണി സന്ദേശം വന്നിരുന്നതായും യുവതി പറഞ്ഞു.