
പുതിയ മാറ്റവുമായി റെയിൽവേ ;ജനറൽ ടിക്കറ്റ് എടുത്ത് എല്ലാ ട്രെയിനുകളിലും കയറാനാകില്ല
- ഇനി മുതൽ ജനറൽ ടിക്കറ്റ് എടുക്കുമ്പോൾ ഏത് ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്നും ടിക്കറ്റിൽ രേഖപ്പെടുത്തും
ന്യൂഡൽഹി: പുതിയ മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ആധുനികവത്കരണത്തിനും യാത്രക്കാരുടെ സുരക്ഷ, മെച്ചപ്പെട്ട യാത്രാ സൗകര്യം എന്നിവ പരിഗണിച്ച് നിരവധി മാറ്റങ്ങളാണ് റെയിൽവേ യാഥാർത്ഥ്യമാക്കുന്നത്. അത്തരത്തിൽ ഏറ്റവും പുതിയതായി പുറത്ത് വരുന്നത് ജനറൽ ടിക്കറ്റുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങൾ കൊണ്ടുവരുന്നുവെന്ന റിപ്പോർട്ടാണ്. റെയിൽവേ സ്റ്റേഷനിലെത്തി കൗണ്ടറിൽ നിന്ന് ജനറൽ ടിക്കറ്റ് എടുത്ത് കഴിഞ്ഞാൽ ഏത് ട്രെയിനിലേയും ജനറൽ കോച്ചുകളിൽ യാത്രചെയ്യാമെന്ന രീതി അധികം വൈകാതെ അവസാനിക്കുമെന്നാണ് സൂചന.

ഇനി മുതൽ ജനറൽ ടിക്കറ്റ് എടുക്കുമ്പോൾ ഏത് ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് കൂടി ടിക്കറ്റിൽ രേഖപ്പെടുത്തും. അപ്പോൾ ഈ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കില്ല. കുഭംമേളയുമായി ബന്ധപ്പെട്ട് അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനറൽ ടിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.