
പുതു ചരിത്രമെഴുതാൻ സീതക്ക
- സ്ത്രീ പ്രാതിനിധ്യം എന്നത് മാത്രമല്ല സീതക്കയുടെ സാന്നിധ്യം.
കാലത്തിനൊപ്പം ജനത്തിനൊപ്പം എന്ന പാതയാണ് സീതക്കയുടെ രീതിയെന്നത് കോവിഡ് കാലത്ത് അവർ തെളിയിച്ചതാണ്
ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭയിൽ ഏറെ തിളക്കമുള്ള താരമാവുകയാണ് സീതക്ക എന്ന് സ്നേഹത്തോടെ ജനം വിളിക്കുന്ന ദനസാരി അനസൂയ. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം കോണ്‍ഗ്രസ് സര്‍ക്കാർ ആദ്യമായി അധികാരമേല്‍ക്കുമ്പോള്‍ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് സീതക്ക. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ ഏറെ കാലം പ്രവര്‍ത്തിച്ച അവരിപ്പോള്‍ തെലങ്കാനയില്‍ ആദിവാസികള്‍ക്കും പിന്നാക്ക ജനവിഭാഗത്തിനും സ്ത്രീകള്‍ക്കും അഭിമാനത്തിന്റെ പ്രതിരൂപം കൂടിയാണ് . രേവന്ത് റെഡ്ഡി മന്ത്രിസഭയിൽ സീതക്ക ഉണ്ടായി എന്നത് പിന്നാക്ക,അരികുവൽകൃത സമൂഹത്തിന് ഏറെ ആവേശവും പ്രതീക്ഷയുമാണ്.
സ്ത്രീ പ്രാതിനിധ്യം എന്നത് മാത്രമല്ല സീതക്കയുടെ സാന്നിധ്യം.
കാലത്തിനൊപ്പം ജനത്തിനൊപ്പം എന്ന പാതയാണ് സീതക്കയുടെ രീതിയെന്നത് കോവിഡ് കാലത്ത് അവർ തെളിയിച്ചതാണ്. വാറങ്കല്‍ ജില്ലയിലെ സംവരണ മണ്ഡലമായ മുലുഗുവില്‍ നിന്ന് മൂന്നാം തവണയാണ് അവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുലുഗുവിലെ ജഗ്ഗണ്ണപേട്ട് ആണ് സീതക്കയുടെ ജന്മദേശം. ചത്തീസ്ഗഡുമായി അതിര്‍ത്തി പങ്കിടുന്ന മേഖല കൂടിയാണിത്. വോട്ടര്‍മാരില്‍ 75 ശതമാനവും ആദിവാസികളാണ്.
കൊവിഡ് കാലത്ത് ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും സേവന രംഗത്തും സീതക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു. മരുന്നുകളും ഭക്ഷണവുമായി കാടും മലകളും കടന്ന് ആദിവാസി ഊരുകളില്‍ ജീപ്പിലെത്തുന്ന സീതക്കയുടെ ചിത്രങ്ങളും മാധ്യമങ്ങളേറ്റെടുത്തിരുന്നു. ആദിവാസികൾ അവരെ സ്നേഹത്തോടെ സീതക്ക എന്നാണ് വിളിക്കുന്നത്.
നിരവധി യുവതീയുവാക്കള്‍ നക്‌സലിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട 1980 കളിലാണ് സീതക്കയും ആ വഴിയിലേക്ക് തിരിഞ്ഞത് . പത്താം ക്ലാസ് ജയിച്ച ശേഷം 1988ലാണ് അവര്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. പിന്നീട് സംഘടനയുടെ കമാന്ററായി. അവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന സഹോദരനും ഭര്‍ത്താവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോൾ പ്രസ്ഥാനം വിട്ടു.2004ലാണ് അവർ നിയമത്തിന് മുന്നിൽ കീഴടങ്ങിയത്. പിന്നാലെ അവർ രാഷ്ട്രീയത്തിലേക്ക് കടന്നു. അതിനിടെ നിയമപഠനം പൂർത്തിയാക്കി അഭിഭാഷകയായി. ഇക്കുറി ബി.ജെ.പിയുടെ അജ്മീര പ്രഹ്ലാദിനെ പരാജയപ്പെടുത്തിയാണ് അവർ മുലുഗിൽ ജയിച്ച ത് .